ഡൽഹി: സ്യൂട്ട്കേസിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം. ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറിലാണ് സംഭവം.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലിസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ഔട്ടര്‍ നോര്‍ത്ത് ജില്ലയിലെ സ്പെഷ്യല്‍ സ്റ്റാഫിനാണ് കൊലപാതകത്തെ കുറിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചക്കുകയും പൊലിസ് പ്രതിയെയും കൊണ്ട് ബുരാരിയിലെ അജിത് വിഹാറിലെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
അടുത്തിടെ ബിഹാറില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതാണ് പെണ്‍കുട്ടിയെന്ന് കേസ് അന്വേഷിച്ച ഇന്‍സ്പെക്ടര്‍ വിശ്വേന്ദ്ര ചൗധരി പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. ഇതിന് ശേഷമേ മരണകാരണം ഉള്‍പെടെ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു. പെണ്‍കുട്ടി ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കും. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്ന് ഫൊറന്‍സിക് തെളിവുകളും മറ്റും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കേസ് ബുരാരി പൊലിസിന് കൈമാറി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകകാരണവും കൊലപാതകം നടത്തിയ രീതിയും വ്യക്തമാകുമെന്നും പൊലിസ് പറഞ്ഞു.






