തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വലിപ്പത്തില്‍ മാറ്റം. 14.2 കിലോഗ്രാമിന് പകരം ഇനി 10 കിലോഗ്രാം ശേഷിയുള്ള കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റം.
സിലിണ്ടറിന്റെ വലിപ്പത്തിനൊപ്പം വിലയിലും മാറ്റമുണ്ട്. 10 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ കണക്ഷനും റഗുലേറ്ററും ഉള്‍പ്പെടെ ലഭിക്കാൻ 5000 രൂപ വരെ നല്‍കണം. കണക്ഷൻ സറണ്ടർ ചെയ്താലും ഈ തുക തിരികെ ലഭിക്കില്ല. നേരത്തെ ഗാർഹിക സിലിണ്ടറിന്റെ പുതിയ കണക്ഷന് 4000 രൂപയായിരുന്നു നിരക്ക്.
പുതിയ സിലിണ്ടർ നിറയ്ക്കാൻ 1500 രൂപയിലേറെ ചെലവാകും. നിലവില്‍ കേരളത്തില്‍ സബ്സിഡി സിലിണ്ടർ നിറയ്ക്കാൻ 960 രൂപ വരെയാണ് നിരക്ക്. പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധനയാണുള്ളത്.
അതേസമയം, പഴയ ഗാർഹിക സിലിണ്ടർ കണക്ഷനുകള്‍ക്ക് നിലവിലെ വ്യവസ്ഥ പ്രകാരം സിലിണ്ടർ നിറച്ചുനല്‍കുന്നത് തുടരും. നിലവില്‍ സബ്സിഡി ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് അത് തുടരാനും അനുമതിയുണ്ട്. എന്നാല്‍ കണക്ഷൻ മാറ്റിയാല്‍ ഈ ഇളവ് നഷ്ടപ്പെടും.
സിലിണ്ടറിന്റെ വലിപ്പം കുറഞ്ഞതോടെ പുതിയ ഉപയോക്താക്കള്‍ക്ക് ഒരു വർഷം കൂടുതല്‍ സിലിണ്ടറുകള്‍ ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട്.






