ഡല്‍ഹി: രാജ്യത്തെ എട്ട് വിമാനത്താവളങ്ങളില്‍ ഫുള്‍ ബോഡി സ്കാനറുകള്‍ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് സ്കാനറുകള്‍ സ്ഥാപിക്കുക. ഇന്ത്യൻ യാത്രക്കാരുടെ വസ്ത്രധാരണ രീതികളും സാംസ്കാരിക പ്രത്യേകതകളും കണക്കിലെടുത്ത് ഫുള്‍ ബോഡി സ്കാനറുകളുടെ സോഫ്റ്റ്വെയർ അല്‍ഗോരിതങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിവരികയാണ്. വ്യോമയാന സുരക്ഷയുടെ ദേശീയ നിയന്ത്രണ അതോറിറ്റിയായ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (BCAS) നടപ്പാക്കുന്ന വിപുലമായ സുരക്ഷാ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച ഇന്ത്യൻ പൈലറ്റിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് വിമാനസുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കം. തിരഞ്ഞെടുത്ത എട്ട് വിമാനത്താവളങ്ങളില്‍ മൂന്നിടങ്ങളില്‍ ഇതിനകം തന്നെ അത്യാധുനിക സ്കാനറുകള്‍ എത്തിച്ചുകഴിഞ്ഞു. ശേഷിക്കുന്ന അഞ്ച് വിമാനത്താവളങ്ങളില്‍ സ്ഥാപിക്കല്‍ നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്കാനറുകള്‍ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ നിലവില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. പരിശോധനാ നടപടികളിലെ പിഴവുകള്‍ പരമാവധി കുറയ്ക്കുന്നതിനും സംവിധാനം കൂടുതല്‍ കൃത്യതയോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികള്‍. വിദേശരാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ഫുള്‍ ബോഡി സ്കാനറുകള്‍ ഇന്ത്യയിലും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്നുണ്ടെങ്കിലും നേരത്തെ നടത്തിയ ചില പരീക്ഷണ പദ്ധതികളില്‍ യാത്രക്കാർ ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പുതിയ സ്കാനറുകള്‍ യഥാർഥ ശരീരചിത്രം പ്രദർശിപ്പിക്കാത്ത തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പകരം യാത്രക്കാരന്റെ ശരീരത്തിന്റെ പൊതുവായ ത്രിമാന രൂപമാണ് സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക.ഇതിലൂടെ യാത്രക്കാരന്റെ വ്യക്തിത്വമോ ശരീരത്തിന്റെ പ്രത്യേകതകളോ സുരക്ഷാ പരിശോധനയ്ക്കിടെ വെളിപ്പെടുന്നത് ഒഴിവാക്കാനാകും. യാത്രക്കാരന്റെ ശരീരത്തില്‍ ധരിച്ചിരിക്കുന്നതോ ഒളിപ്പിച്ചിരിക്കുന്നതോ ആയ സംശയാസ്പദ വസ്തുക്കള്‍ മാത്രമായിരിക്കും സ്കാനർ ചൂണ്ടിക്കാണിക്കുക.
ഇന്ത്യൻ യാത്രക്കാർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പരിഗണിച്ചാണ് സ്കാനറുകളുടെ സാങ്കേതിക സംവിധാനം ക്രമീകരിക്കുന്നത്. വസ്ത്രങ്ങളും സംശയാസ്പദമായ വസ്തുക്കളും തമ്മില്‍ കൃത്യമായി തിരിച്ചറിയാൻ പ്രത്യേക അല്‍ഗോരിതങ്ങള്‍ വികസിപ്പിച്ച് സ്കാനറുകളില്‍ ഉള്‍പ്പെടുത്തിവരികയാണ്. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഫലപ്രദമായ സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനായി സംവിധാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സർക്കാർ തുടർച്ചയായി വിശകലനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, വിമാനങ്ങളുടെ ബാഗേജുകള്‍ ത്രിമാനമായി പരിശോധിച്ച് സ്ഫോടകവസ്തുക്കള്‍ കണ്ടെത്താൻ സഹായിക്കുന്ന കമ്പ്യൂട്ടഡ് ടോമോഗ്രഫി എക്സ്-റേ (CTX) മെഷീനുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിദഗ്ധരുമായും വ്യവസായ മേഖലയിലെ പ്രതിനിധികളുമായും നടത്തിയ ചർച്ചകള്‍ക്ക് ശേഷം ഈ മെഷീനുകളുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ അന്തിമമാക്കിവരികയാണെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.






