കൊച്ചി: ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകൻ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. കാസർകോട് പള്ളത്തടുക്ക എ.യു.പി സ്കൂൾ അധ്യാപകൻ ഗുരുപ്രസാദാണ് ഹർജി നൽകിയത്.
സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും തുടർ അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ഹർജി. ക്വിസിലെ ചരിത്രചോദ്യത്തിന് നൽകിയ ഉത്തരത്തിന്റെ പേരിൽ മാത്രം അധ്യാപകനെതിരെ നടപടി സ്വീകരിച്ചത് അന്യായമാണെന്നാണ് ഹർജിയിലെ വാദം.
2026 ഓഗസ്റ്റ് ആറിന് നടന്ന ഫ്രീഡം ക്വിസിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. “ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണ്?” എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്ന ഉത്തരമാണ് നൽകിയിരുന്നത്.
കുമ്പള, കാസർകോട്, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളെ ഉൾപ്പെടുത്തി നടത്തിയ ക്വിസിലാണ് ചോദ്യം വന്നത്. സവർക്കറെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചോദ്യം ഉൾപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.
അതേസമയം, സവർക്കറുടെ തടവുജീവിതവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രസർക്കാരിന്റെ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായ ഒരു ചോദ്യത്തിന് നൽകിയ ഉത്തരത്തിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും അധ്യാപകൻ പറഞ്ഞു.






