പാലക്കാട്: വാളയാറിലെ ചാവടിപ്പാറ പുതുപ്പതിയില്‍ മംഗളൂരു-ചെന്നൈ സൂപ്പർഫാസ്റ്റ് തീവണ്ടിയിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു. ഇന്ന്പുലർച്ചെ 12.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് ആ റൂട്ടിലെ തീവണ്ടി ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കേരള-തമിഴ്നാട് അതിർത്തിയില്‍ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്.
തീവണ്ടിയുടെ എൻജിനടിയിലാണ് രണ്ട് ആനകളും കുടുങ്ങിക്കിടക്കുന്നത് എന്നാണ് സ്ഥലത്തെത്തിയവർ നല്കുന്ന വിവരം. അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എൻജിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ആനകളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഗതാഗത പുനഃസ്ഥാപനം വൈകുന്നതിന് കാരണമായി.
സംഭവമറിഞ്ഞയുടൻ വാളയാർ പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി. ആനകളുടെ മൃതദേഹം നീക്കം ചെയ്ത് തീവണ്ടി ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.പാലക്കാട് വാളയാർ മേഖല കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശമാണ്.
ഇവിടെ വനത്തിനോട് ചേർന്നുകിടക്കുന്ന റെയില്‍ പാതയിലൂടെയാണ് നിരവധി ദീർഘദൂര തീവണ്ടികള്‍ കടന്നുപോകുന്നത്. രാത്രി സമയങ്ങളില്‍ ആനകള്‍ റെയില്‍ പാത മുറിച്ചുകടക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് പ്രധാന കാരണമായി വനംവകുപ്പ് നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് ആനകളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വനംവകുപ്പിന്റെ നിർദേശപ്രകാരം സംസ്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. തീവണ്ടിയുടെ എൻജിനും ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
വനമേഖലയിലൂടെയുള്ള റെയില്‍ ഗതാഗതത്തില്‍ ആനകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളും വനം സംരക്ഷണ പ്രവർത്തകരും ഉയർത്തുന്നുണ്ട്.






