15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബില്ല് പാസാക്കി ഫ്രാൻസ്.
പ്ലാറ്റ്ഫോമുകളില്‍ പൂർണ നിരോധനം അംഗീകരിക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യത്തെ രാജ്യമായി മാറുകയാണ് ഫ്രാൻസ്. സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിലക്കേർപ്പെടുത്തിയത്.
ഡിജിറ്റല്‍ ഉള്ളടക്കത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് ലോകമെമ്പാടും ആശങ്കകള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ഗവണ്മെന്റിന്റെ സുപ്രധാന തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഫ്രഞ്ച് നിയമനിർമ്മാതാക്കള്‍ അംഗീകരിച്ചു. ഹൈസ്കൂളുകളില്‍ മൊബൈല്‍ ഫോണുകളുടെ ഉപയോഗവും ബില്‍ നിരോധിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ചരിത്രപരമായ നടപടിയെ പാർലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു. സെപ്റ്റംബറില്‍ നിയമം പ്രാബല്യത്തില്‍ വരും. ഓണ്‍ലൈൻ വിജ്ഞാനകോശങ്ങള്‍, വിദ്യാഭ്യാസ അല്ലെങ്കില്‍ ശാസ്ത്രീയ ഡയറക്ടറികള്‍ എന്നിവ ഈ നിരോധനത്തില്‍ ഉള്‍പ്പെടില്ല.






