കോട്ടയം : പാലാ നഗരസഭയിലെ ചെയർപേഴ്സൺ വിഷയത്തിൽ പ്രതികരിച്ച് കൗൺസിലർ ടോണി തൈപ്പറമ്പിൽ. കോൺഗ്രസ് ചെയർപേഴ്സൺ തന്നെ പാലാ നഗരസഭയിൽ ഉണ്ടാകുമെന്ന് കോൺഗ്രസ് പുറത്താക്കിയ കൗൺസിലർ ടോണി തൈപ്പറമ്പിൽ. ആര് ചെയർപേഴ്സൺ സ്ഥാനാർഥിയാകുമെന്നത് കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി.
പാലാ നഗരസഭയിൽ ചെയർപേഴ്സണെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതിൻ്റെ പാർട്ടി നടപടി സ്വീകരിച്ചതിൽ വിഷമമുണ്ടെന്നും ടോണി തൈപ്പറമ്പിൽ വ്യക്തമാക്കി. പാർട്ടി പ്രവർത്തകനായി തന്നെ മുന്നോട്ടു പോകുമെന്നും ആരോടും പരിഭവമോ ദേഷ്യമോ ഇല്ലെന്നും ടോണി പറഞ്ഞു. എൽഡിഎഫ് പിന്തുണ സ്വീകരിക്കുമെന്നും ടോണി തൈപ്പറമ്പിൽ പറയാതെ പറഞ്ഞു. ആരുടെ പിന്തുണയും സ്വീകരിക്കുന്നതിൽ തെറ്റില്ല എന്നായിരുന്നു ടോണിയുടെ പ്രതികരണം. പാലായുടെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ആളുകളുടെ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും ടോണി കൂട്ടിച്ചേർത്തു.
വിമത കൗൺസിലർമാരെ പിന്തുണയ്ക്കുമെന്ന് ഇന്നലെ തന്നെ എൽഡിഎഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. പാലാ നഗരസഭയിലെ ചെയർപേഴ്സൺ വിമത കൗൺസിലർമാരിൽ നിന്നു തന്നെയായിരിക്കുമെന്ന് വ്യക്തമാണ്. ചെയർപേഴ്സൺ സ്ഥാനത്തിന് വനിതാ സംവരണമുള്ള പാലായിൽ വിമത കൗൺസിലർമാരിൽ മൂന്ന് പേരും വനിതകളാണ്.
പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത നാല് കോൺഗ്രസ് കൗൺസിലർമാരെ പ്രാഥമിക അംഗത്വത്തിൽ നിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു. കെപിസിസി പ്രസിഡൻ്റിൻ്റെ നിർദ്ദേശാനുസരണം ഡിസിസി പ്രസിഡൻ്റാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.






