അമ്പലപ്പുഴ: പവർ സ്റ്റീയറിങ് പമ്പ് പൊട്ടി കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യബന്ധന വള്ളവും അതിലുണ്ടായിരുന്ന 40 തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
തൃക്കുന്നപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'ഉത്രാടം' എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. കടലില്‍ കുടുങ്ങിയ വള്ളത്തെ തോട്ടപ്പള്ളി ഫിഷറീസ് റെസ്ക്യൂ ബോട്ട് രക്ഷപ്പെടുത്തുകയായിരുന്നു.
മത്സ്യബന്ധനത്തിനിടെ വള്ളത്തിന്റെ ദിശ നിയന്ത്രിക്കുന്ന പവർ സ്റ്റീയറിങ് പമ്പ് പൊട്ടുകയും കരയിലേക്ക് തിരികെ വരാൻ കഴിയാതെയുമായി. തുടർന്ന് തൊഴിലാളികള്‍ തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം നല്കി. വിവരമറിഞ്ഞ ഉടൻ കായംകുളം ഹാർബറില്‍നിന്നും പുറപ്പെട്ട ഫിഷറീസ് റെസ്ക്യൂ ബോട്ട് കരയില്‍നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെ കടലില്‍വച്ച് തകരാറിലായ വള്ളം കണ്ടെത്തി. വള്ളം കെട്ടിവലിച്ച് ഉച്ചയോടെ കായംകുളം ഹാർബറില്‍ സുരക്ഷിതമായി എത്തിച്ചു. ഫിഷറീസ് ലൈഫ് ഗാർഡ്സ്, റെസ്ക്യൂ ബോട്ട് സ്രാങ്ക്, ഡ്രൈവർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം, കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ എല്ലാ തൊഴിലാളികള്‍ക്കുമുള്ള ലൈഫ് ജാക്കറ്റ്, നിശ്ചിത എണ്ണം ലൈഫ് ബോയ, തീയണയ്ക്കാനുള്ള ഫയർ എക്സ്റ്റിംഗുഷർ എന്നിവ നിർബന്ധമായും കരുതിയിരിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്ത യാനങ്ങള്‍ക്കെതിരെ കെ എം എഫ് ആർ ആക്ട് അനുസരിച്ച് പിഴ ഈടാക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.






