എറണാകുളം: കൊച്ചിയില്‍ റെസ്റ്റോറന്റില്‍ തീപിടിത്തം. ഒരാള്‍ക്ക് പൊള്ളലേറ്റു. ഫോർട്ട് കൊച്ചിയിലെ കാൻവാസ് റെസ്റ്റോറന്റിലാണ് കഴിഞ്ഞ രാത്രിയില്‍ തീപിടിത്തം ഉണ്ടായത്.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. റസ്റ്റോറന്റിലെ ജീവനക്കാർ താമസിക്കുന്ന മുറികളിലാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ റെസ്റ്റോറൻ്റില്‍ ഉണ്ടായിരുന്നത് തീ നിയന്ത്രിക്കുന്നതിന് സഹായകമായി. ജസ്റ്റിൻ എന്നയാളുടെ കൈയ്ക്കാണ് പൊള്ളലേറ്റത്. മട്ടാഞ്ചേരി, ഗാന്ധിനഗർ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടില്ല.






