കൊച്ചി: കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ ഗുരുതര ക്രിപ്റ്റോ തട്ടിപ്പ് പരാതിയില്‍ പോലീസ് കേസെടുത്തു.
യുകെ മലയാളികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം കറുകച്ചാല്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കറുകച്ചാല്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ആരോപിക്കുന്നത്.
അതേസമയം യുകെ ആസ്ഥാനമാക്കി പ്രവർത്തിച്ച് 2014 മുതല്‍ വിവിധ രാജ്യക്കാരെ വഞ്ചിച്ച് 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവും സുഭാഷ് ജോർജിനെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും അതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും നിർമ്മിച്ച് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഷയത്തില്‍ സുഭാഷ് ജോർജിനെതിരെ യുകെ മെട്രോപോളിറ്റൻ പോലീസിലും തട്ടിപ്പിന് ഇരയായവർ പരാതി നല്‍കിയിട്ടുണ്ട്. വിവിധ ആളുകളില്‍ നിന്ന് തട്ടിയെടുത്ത തുക കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിനെ വാങ്ങാനും, 'പേട്രിയറ്റ്' എന്ന സിനിമയുടെ നിർമ്മാണത്തിനുമായി ഉപയോഗിച്ചുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.






