നീലേശ്വരം: റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ ജോലി വാഗ്ദാനം ചെയ്ത് എൻജിനിയറിങ് ബിരുദധാരിയിൽ നിന്ന് 15.90 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃക്കരിപ്പൂർ സ്വദേശികളായ ബാബു തിരുവാരത്ത്, ഭാര്യ സജിതാ ബാബു എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
ജോലി ഉറപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് പല ഘട്ടങ്ങളിലായി പണം വാങ്ങിയെന്നാണ് പരാതി. വിശ്വാസ്യത നേടാൻ മധുരയിൽ വ്യാജ മെഡിക്കൽ പരിശോധന നടത്തുകയും വ്യാജ നിയമന രേഖകൾ തപാലിൽ അയക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
2025 ജനുവരിയിലാണ് തട്ടിപ്പിന് തുടക്കം. സീറ്റ് ഉറപ്പിക്കാനെന്ന പേരിൽ 3.5 ലക്ഷം രൂപയും തുടർന്ന് മെഡിക്കൽ പരിശോധനയ്ക്കായി 6 ലക്ഷം രൂപ വീതവും പരിശീലനത്തിനായി 40,000 രൂപയും ഉൾപ്പെടെ ആകെ 15.90 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.
റെയിൽവേയിൽ ഇത്തരമൊരു റാങ്ക് ലിസ്റ്റോ നിയമന നടപടികളോ നടന്നിട്ടില്ലെന്ന് പിന്നീട് മനസ്സിലായതോടെയാണ് യുവതി പണം തിരികെ ആവശ്യപ്പെട്ടത്. പണം തിരികെ നൽകാതെ പ്രതികൾ കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പ്രതികൾക്കെതിരെ സമാനമായ കേസുകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.






