കൊച്ചി: സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന മകളെ കാണാന്‍ കൊച്ചിയില്‍ എത്തിയ മലപ്പുറം സ്വദേശിയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണും ട്രൗസറിന്റെ പോക്കറ്റിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും ഒരേ സമയം പോക്കറ്റടിക്കാര്‍ കവര്‍ന്നു.
മലപ്പുറം ബി.പി. അങ്ങാടി പുതുപ്പള്ളി ഗണപതി പറമ്പില്‍ പ്രകാശനാണ് (67) നാലര ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടമായത്. പാലാരിവട്ടത്തെ സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന മകളെ കാണാന്‍ കാക്കനാട്ടേക്ക് പോകുംവഴിയാണ് നാടകീയമായ മോഷണം നടന്നത്. സംഭവത്തില്‍ പ്രകാശന്റെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പ്രകാശന് ട്രെയിന്‍ മാര്‍ഗം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് കാക്കനാട്ടേക്ക് പോകാനായി ടൗണ്‍ഹാള്‍ മെട്രോ സ്റ്റേഷന് സമീപത്തുനിന്നും ബസില്‍ കയറി. യാത്രയ്ക്കിടെ ടിക്കറ്റെടുക്കാന്‍ പണം തപ്പിയപ്പോഴാണ് ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 5,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നി കൂടുതല്‍ പരിശോധിച്ചപ്പോഴാണ് ധരിച്ചിരുന്ന ട്രൗസറിന്റെ പോക്കറ്റ് ബ്ലേഡ് പോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കീറിയ നിലയില്‍ കണ്ടെത്തിയത്.
മകള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന 27 ഗ്രാമോളം വരുന്ന സ്വര്‍ണാഭരണങ്ങളാണ് ട്രൗസറിന്റെ പോക്കറ്റില്‍ നിന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. 8, 3 ഗ്രാം വീതം തൂക്കമുള്ള രണ്ട് വളകള്‍, 6 ഗ്രാമിന്റെ ബ്രേസ്ലെറ്റ്, 'രജനീഷ്' എന്ന് പേരെഴുതിയ 6 ഗ്രാം തൂക്കമുള്ള മോതിരം, 4 ഗ്രാമിന്റെ സച്ചിന് മോഡല്‍ മാല എന്നിവയാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍.
എറണാകുളം റെയില്‍വേ സ്റ്റേഷന്, മെട്രോ സ്റ്റേഷന് പരിസരത്തു നിന്നോ അല്ലെങ്കില്‍ ബസില്‍ കയറുന്ന തിരക്കിനിടയിലോ ആകാം മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്. ആളുകള്‍ തിങ്ങിനിറഞ്ഞു ബസില്‍ കയറുന്ന സമയത്ത് മോഷണം നടക്കാനാണ് കൂടുതല്‍ സാധ്യതയെന്നും പോലീസ് വ്യക്തമാക്കുന്നു. പ്രകാശന് സഞ്ചരിച്ച ബസിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥയിലായിരുന്നില്ല. എന്നാല്‍ മെട്രോ സ്റ്റേഷന് പരിസരത്തുനിന്നും സമീപത്തെ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്






