ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ അവസ്ഥ.
ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ അവസ്ഥ. മദ്യപിക്കുന്നവരില്‍ മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാകുന്നതെന്ന് പലരും കരുതുന്നു. എന്നാല്‍ അങ്ങനല്ല . മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ ബാധിക്കാം.
അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ഉപാപചയ തകരാറുകള്‍ എന്നിവ മൂലം ഇത് ഉണ്ടാകാം. ലോകജനസംഖ്യയുടെ 25 മുതല്‍ 30 ശതമാനം വരെ പേര്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ട്. ഇന്ത്യയില്‍ 30 മുതല്‍ 40 ശതമാനം പേര്‍ക്കെന്ന കണക്കില്‍ ഈ രോഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു.
പലപ്പോഴും നാം കഴിക്കുന്ന അമിതമായ പഞ്ചസാരയെ സംസ്കരിക്കാൻ കരളിലെ കോശങ്ങള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍, കരള്‍ ആ അധിക പഞ്ചസാരയെ നേരിട്ട് കൊഴുപ്പായി മാറ്റുകയും ഈ കൊഴുപ്പ് കരള്‍ കോശങ്ങളില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു.
ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷകങ്ങള്‍ പ്രോസസ്സ് ചെയ്യുകയും ദോഷകരമായ വസ്തുക്കള്‍ ഫില്‍ട്ടർ ചെയ്യുകയും ചെയ്യുന്ന ഒരു അവയവമാണ് കരള്‍. അമിതമായ കൊഴുപ്പ് കരളില്‍ വീക്കം ഉണ്ടാക്കുകയും കരളിന് പരിക്കേല്‍ക്കുകയോ പാടുകള്‍ ഉണ്ടാകുകയോ ചെയ്യും. ഇത് ചില സന്ദർഭങ്ങളില്‍ ഒടുവില്‍ കരള്‍ തകരാറിലേക്ക് നയിച്ചേക്കാം.
തുടക്കത്തില്‍ നിസ്സാരമായി തോന്നുമെങ്കിലും തുടരെ തുടരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം. അതിനാല്‍, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഫാറ്റി ലിവർ രോഗം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്: ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.
അമിതമായ മദ്യപാനം ആല്‍ക്കഹോളിക് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുമ്പോള്‍ മദ്യപാനത്തിന്റെ ഭാഗമായല്ലാതെ സംഭവിക്കുന്നതിനെ നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്നാണ് പറയുന്നത്. ഇവ കൂടാതെ, ഗർഭകാലത്ത് പ്രത്യേകിച്ച് സംഭവിക്കുന്ന ഒരു അസാധാരണ തരം ഉണ്ട്, ഇത് അക്യൂട്ട് ഫാറ്റി ലിവർ ഓഫ് പ്രഗ്നൻസി എന്നറിയപ്പെടുന്നു. സിമ്പിള്‍ ഫാറ്റി ലിവർ (സ്റ്റീറ്റോസിസ്), സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, ഫൈബ്രോസിസ്, സിറോസിസ് എന്നിവയാണ് ഫാറ്റി ലിവർ രോഗത്തിന്റെ നാല് ഘട്ടങ്ങള്‍.
വയറിന്റെ വലതുവശത്തെ മുകള്‍ ഭാഗത്ത് വേദന, അമിതമായ ക്ഷീണം, ഭക്ഷണത്തോട് വലിയ താല്പര്യമില്ലായ്മ, കാരണമില്ലാത്ത ശരീരഭാരം കുറയുക, മൂത്രത്തിലെ നിറവ്യത്യാസം, ചർമ്മത്തിലെ ചൊറിച്ചില്‍, മലത്തിലെ നിറവ്യത്യാസം, ചർമ്മത്തിലും കണ്ണുകളിലും മഞ്ഞ നിറം കാണുക ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഡോക്ടറെ കണ്ട് ടെസ്റ്റ് ചെയ്ത് ഫാറ്റി ലിവർ രോഗമില്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക. കൃത്യമായ വ്യായാമങ്ങളിലൂടെയും ഭക്ഷണശൈലിയിലൂടെയും ദിനചര്യകളിലൂടെയും രോഗം പരമാവധി നിയന്ത്രണവിധേയമാക്കാം.






