അബുദാബി : വ്യാജ വിസ, മൈഗ്രേഷൻ ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പ്രവാസികൾക്കും ഉദ്യോഗാർത്ഥികൾക്കും കർശന ജാഗ്രതാ നിർദ്ദേശവുമായി അബുദാബി ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും. യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് തൊഴിൽ, താമസ വിസകൾ വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ കെണിയിൽ വീഴരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലൂടെ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇത്തരം വ്യാജ ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. വിസ വാഗ്ദാനം ചെയ്ത് വൻ തുക കൈപ്പറ്റിയ ശേഷം വാഗ്ദാനം ചെയ്ത സേവനം നൽകാനോ വാങ്ങിയ പണം തിരികെ നൽകാനോ ഇവർ തയ്യാറാകുന്നില്ലെന്ന് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് എംബസിയുടെ അടിയന്തര ഇടപെടൽ. ഇന്ത്യയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന ഏജൻസികളുടെ സേവനം തേടുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശമുണ്ട്.
വിദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ തങ്ങൾ പോകാൻ ആഗ്രഹിക്കുന്ന രാജ്യത്തെ വിസാ ആവശ്യകതകൾ, അപേക്ഷാ നടപടികൾ, ഔദ്യോഗിക മാർഗങ്ങൾ എന്നിവ അതത് രാജ്യത്തെ എംബസിയുമായോ കോൺസുലേറ്റുമായോ ബന്ധപ്പെട്ട് നേരിട്ട് ഉറപ്പുവരുത്തണം. വ്യാജ ഏജൻസികളുടെയും ഇടനിലക്കാരുടെയും വാഗ്ദാനങ്ങളിൽ വിശ്വസിച്ച് പണം നൽകരുതെന്നും വിസ അനുവദിക്കാനുള്ള അന്തിമ തീരുമാനം ബന്ധപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകളിൽ നിക്ഷിപ്തമാണെന്നും എംബസി വ്യക്തമാക്കി.
വിസ സംബന്ധിച്ച കൃത്യവും അപ്ഡേറ്റുചെയ്തതുമായ വിവരങ്ങൾക്ക് ഏജന്റുമാരെ ആശ്രയിക്കാതെ ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക സർക്കാർ, എംബസി വെബ്സൈറ്റുകൾ മാത്രം പരിശോധിക്കുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.






