മലപ്പുറം: സംസ്ഥാനത്തെ വിപണികളില്‍ കൂടുതല്‍ സജീവമായി മെർക്കുറി വിഷബാധ അടങ്ങിയ ഫെയർനസ് ക്രീമുകളുടെ ഓണ്‍ലൈൻ വില്‍പ്പന.
ഇത്തരം ക്രീം ഒരു വർഷമായി ഉപയോഗിച്ച മലപ്പുറത്തെ പതനേഴുകാരിക്ക് മെംബ്രനസ് നെഫ്രോപ്പതി എന്ന ഗുരുതര വൃക്ക രോഗം കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർമാർ വ്യാപകമായി പ്രമോട്ട് ചെയ്യുന്ന ക്രീം തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധിപേർ ഉപയോഗിക്കുന്നതായി പെണ്‍കുട്ടി പറഞ്ഞു.
ക്രീം വാങ്ങി ഒരു വർഷത്തോളമാണ് പെണ്‍കുട്ടി ഉപയോഗിച്ചത്. മുഖത്തെ കറുത്ത പാടുകള്‍ നീക്കം ചെയ്യാൻ ക്രീം ഉപയോഗിച്ച് തുടങ്ങിയ പെണ്‍കുട്ടി, കടുത്ത ശാരീരിക അവശതകളും തലവേദനയും ശരീരത്തില്‍ നീരും അനുഭവപ്പെട്ടതിനെതുടർന്ന് ചികിത്സ തേടുകയായിരുന്നു.
പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ചതില്‍ മെർക്കുറി അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കേന്ദ്ര ലാബില്‍ ക്രീം പരിശോധനക്ക് അയച്ചു. സെൻട്രല്‍ ഡ്രഗ്സ് സ്റ്റാൻഡേർഡ്സ് കണ്ട്രോള് ഓർഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ച്, വലിയ അളവില്‍ മെർക്കുറി ക്രീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.
ക്രീം ഉപയോഗിക്കുക വഴി ശരീരത്തില്‍ പ്രവേശിക്കുന്ന മെർക്കുറി വൃക്കകളുടെ അരിപ്പകളെ നശിപ്പിക്കുകയും മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവർത്തനം തന്നെ നിലക്കാൻ സാധ്യതയെന്നും ഡോക്ടർമാർ പറയുന്നു.






