തിരുവനന്തപുരം: മുഖകാന്തി വർദ്ധിപ്പിക്കാനെന്ന പേരില്‍ വിപണിയിലെത്തുന്ന ഫെയർനസ് ക്രീമിലെ വിഷബാധമൂലം മലപ്പുറത്തെ 17 കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിന്റെ അടിയന്തര ഇടപെടല്‍.
മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വില്‍പ്പന തടയാനും പരിശോധനകള്‍ക്കായി എല്ലാ ജില്ലകളിലും പ്രത്യേക സംഘം രൂപീകരിക്കണമെന്നുമുള്ള ആവശ്യം പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്കി.
ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ പ്രതിഭ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും പരിശോധന.
അതേസമയം മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീമിലൂടെ മെർക്കുറി വിഷബാധയേറ്റ് മലപ്പുറത്ത് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചെന്ന മാധ്യമ വാർത്തയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
ഓണ്‍ലൈനായി വാങ്ങിയ ക്രീം ഒരു വർഷത്തോളം ഉപയോഗിച്ചെന്നും ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ശരീരത്തിലെ മെർക്കുറിയുടെ അളവ് അപകടകരമായ വിധത്തില്‍ ഉയർന്നതായി കണ്ടെത്തിയെന്നും കുട്ടി പറയുന്നു.






