മലപ്പുറം: മാരക വിഷാംശമുള്ള വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ യുവജനങ്ങളുടെ ജീവൻതന്നെ അപകടത്തിലാക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു.
അമിത അളവിൽ മെർക്കുറി അടങ്ങിയ ഫെയർനസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വൃക്കരോഗം
ബാധിക്കുകയും രോഗപ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുകയും ചെയ്തെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ വെളിപ്പെടുത്തി.
എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് രോഗമുക്തി നേടിയതെന്ന് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
പ്രത്യേക യോഗ്യതയില്ലാത്തവരും ചെറിയ ബ്യൂട്ടി പാർലറുകളും നടത്തിയ ചികിത്സ കാരണം ചിലർക്ക് ടി.ബി പിടിപെട്ടതായി ഡെർമറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
പകർച്ചവ്യാധികളും പിടിപെടാം.ചികിത്സാ പിഴവുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് അധികൃതർക്ക് ഡെർമറ്റോളജിസ്റ്റുകൾ പരാതിനൽകിയിരുന്നെങ്കിലും ഫലപ്രദമായ ഇടപെടലുണ്ടായില്ല.
ചെറിയ ബ്യൂട്ടി പാർലറുകൾ വരെ പ്ളേറ്റ്ലറ്റ് റിച്ച് പ്ളാസ്മ (പി.ആർ.പി) ചികിത്സ നടത്തുന്നു. തലയിൽ മുടി വച്ചുപിടിപ്പിക്കാനും മുഖത്തെ ചുളിവുകളും പാടുകളും മാറ്റി പ്രസരിപ്പുണ്ടാക്കാനുമുള്ള ആധുനിക ചികിത്സാരീതിയാണിത്.
രക്തത്തിൽ നിന്ന് ആവശ്യമുള്ള പ്ളേറ്റ്ലറ്റുകൾ വേർതിരിച്ച് തലയിലോ മുഖത്തോ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.
എം.ബി.ബി.എസ് ബിരുദവും ഡെർമറ്റോളജിയിൽ പോസ്റ്റ്ഗ്രാജേഷനും നേടിയ ഡോക്ടർമാർ മാത്രം നിർവഹിക്കേണ്ട ലേസർ ചികിത്സകൾ ഉൾപ്പെടെയുള്ളവ ബ്യൂട്ടി ക്ലിനിക്കുകളുടെ മറവിൽ നടത്തുന്നതായും പരാതിയുണ്ട്.
മരുന്നുകൾ ഫലിക്കാത്തഅവസ്ഥവരെ എത്തി
സുഹൃത്തായ ഗായകൻ നിറംവച്ചത് കണ്ട് അന്വേഷിച്ചപ്പോഴാണ് 10 വർഷം മുമ്പ് ക്രീമിനെക്കുറിച്ച് അറിഞ്ഞതെന്ന് മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ
. ഒന്നര ബോട്ടിൽ ഉപയോഗിച്ചതോടെ നിറംവച്ചെങ്കിലും ഒന്നൊന്നര മാസത്തിനുള്ളിൽ നിരന്തരമായി ആശുപത്രിയിൽ കഴിയേണ്ടി വന്നു. കണ്ണിന്റെ പോളയിലും കാലിലും നീര് വരികയും കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്തു.
മൂത്രത്തിൽ പത കാണപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ശരീരത്തിൽ പ്രോട്ടീൻ നഷ്ടപ്പെടുന്നതായും വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചതായും തിരിച്ചറിഞ്ഞത്.
വൃക്കയോ രക്തമോ നിലയ്ക്കാൻ സാദ്ധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
നാല് മാസത്തിനുള്ളിൽ രോഗം മൂർച്ഛിക്കുകയും മരുന്നുകൾ ഫലിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്തു.
എല്ലാ മാസവും മൂന്നുദിവസം വീതം ആശുപത്രിയിൽ കഴിയേണ്ടിവന്നു. മുഖം കരുവാളിച്ചു.
ഇൻഫെക്ഷൻ ഒഴിവാക്കാൻ ഓട്ടയുള്ള പല്ലുകൾ എടുത്ത് മാറ്റി. എട്ട് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അസുഖം പൂർണമായും ഭേദമായത്.
ഇപ്പോഴും ക്ഷീണവും ഉറക്കക്കുറവുമുണ്ട്.''ക്രീം തേച്ചാൽ സൗന്ദര്യം വർദ്ധിക്കില്ല.
ഉപയോഗിക്കുന്നതിന് മുമ്പ് അത് എവിടെ നിർമ്മിച്ചെന്നും അംഗീകാരമുള്ളതാണോ എന്നും പരിശോധിക്കണം.
അംഗീകാരമില്ലാത്ത ഫേസ് ക്രീമുകളുടെ വില്പന നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കും-മന്ത്രി കെ. മുരളീധരൻ






