ഡൽഹി: ഇനിമുതല്‍ ഭക്ഷണം മാത്രമല്ല, നിങ്ങള്‍ ദിവസവും ഉപയോഗിക്കുന്ന സോപ്പും ഷാമ്പൂവും ടൂത്ത് പേസ്റ്റും വെജിറ്റേറിയനാണോ അതോ നോണ്‍ വെജിറ്റേറിയനാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാം.
സോപ്പുകള്‍, ഷാമ്പൂകള്‍, ടൂത്ത് പേസ്റ്റുകള്‍, സൗന്ദര്യവർദ്ധക വസ്തുക്കള്‍ (Cosmetics), ടോയ്ലറ്ററികള്‍ എന്നിവയുടെ പാക്കറ്റുകളില്‍ വെജിറ്റേറിയൻ, നോണ്‍ വെജിറ്റേറിയൻ ചിഹ്നങ്ങള്‍ നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുതിയ നിർദ്ദേശം പുറപ്പെടുവിച്ചു. ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളുടെ ഉറവിടം എളുപ്പത്തില്‍ മനസ്സിലാക്കി വാങ്ങാൻ സഹായിക്കുന്നതിനാണ് ഈ നിർണ്ണായക നടപടി.
കേന്ദ്ര സർക്കാർ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ചട്ടങ്ങള്‍, 2011 ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ വിജ്ഞാപനം ഇറക്കിയത്. തിങ്കളാഴ്ച മുതല്‍ ഈ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. സസ്യനിർമ്മിതമായ (Vegetarian) ഉല്‍പ്പന്നങ്ങള്‍ക്ക് പച്ച കുത്തും (Green Dot), മൃഗക്കൊഴുപ്പ് അല്ലെങ്കില്‍ ജന്തുജന്യ ഘടകങ്ങള്‍ അടങ്ങിയ (Non-Vegetarian) ഉല്‍പ്പന്നങ്ങള്‍ക്ക് ചുവപ്പോ തവിട്ടോ നിറത്തിലുള്ള കുത്തും (Red/Brown Dot) പാക്കറ്റുകളില്‍ പതിപ്പിക്കണം.
ഉല്‍പ്പന്നങ്ങളുടെ പാക്കറ്റിന് മുൻവശത്ത് ഏറ്റവും മുകളിലായി വ്യക്തമായി കാണാവുന്ന രീതിയിലാണ് ഈ ചിഹ്നം പ്രദർശിപ്പിക്കേണ്ടത്. മൃഗങ്ങളില്‍ നിന്ന് വേർതിരിച്ചെടുക്കുന്ന ഗ്ലിസറിൻ, കൊളാജൻ, സ്റ്റിയറിക് ആസിഡ്, ജലാറ്റിൻ തുടങ്ങിയ ചേരുവകള്‍ പല പ്രമുഖ കമ്പനികളുടെയും സോപ്പുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. പുതിയ നിയമം വന്നതോടെ ഇത്തരം ചേരുവകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ചുവപ്പ് ചിഹ്നം നല്കാൻ കമ്പനികള്‍ നിർബന്ധിതരാകും. ഉപഭോക്താക്കളുടെ വിശ്വാസ്യത ഉറപ്പാക്കാനും സുതാര്യത കൊണ്ടുവരാനും കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം ഏറെ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.






