ചങ്ങനാശ്ശേരി: യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് മോചിപ്പിച്ച് സർഗ്ഗാത്മക വഴിയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പും കുറിച്ചി ഗ്രാമപഞ്ചായത്തും
സംയുക്തമായി നടപ്പിലാക്കുന്ന വിപ്ലവകരമായ ബോധവൽക്കരണ പദ്ധതി 'റിലാക്സ്' (RELACZ) ന് മുട്ടത്തുകടവിൽ പ്രൗഢോജ്ജ്വല തുടക്കം.
പദ്ധതിയുടെയും സാംസ്കാരിക പരിപാടികളുടെയും ഔദ്യോഗിക ഉദ്ഘാടനം ചങ്ങനാശ്ശേരി എം.എൽ.എ വിനു ജോബ് കുഴിമണ്ണിൽ നിർവ്വഹിച്ചു.
റിലാക്സ് എന്നാൽ സുരക്ഷിത ഇടങ്ങളിൽ ഒഴിവുസമയങ്ങളിലെ വിശ്രമവും വിനോദവും എന്നാണ് പദ്ധതി കൊണ്ട് അർത്ഥമാകുന്നത്.
മാനസിക സമ്മർദ്ദം, ഒറ്റപ്പെടൽ, ഒഴിവുസമയങ്ങളിലെ തെറ്റായ കൂട്ടുകെട്ടുകൾ എന്നിവയാണ് ഭൂരിഭാഗം യുവാക്കളെയും ലഹരിയിലേക്ക് തള്ളിയിടുന്നത്.
ഇതിന് പരിഹാരമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നാടുകളിലുടനീളം സുരക്ഷിതമായ ആശ്വാസ കേന്ദ്രങ്ങൾ (Comfort Zones) ഒരുക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്.
ഇവിടെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഒഴിവുസമയങ്ങളിൽ സ്വസ്ഥമായി. വിശ്രമിക്കാനും (Rest), ഇൻഡോർ ഗെയിമുകൾ, വായന, കലാപ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യമുള്ള വിനോദങ്ങളിൽ (Entertainment) ഏർപ്പെടാനുമുള്ള അന്തരീക്ഷമാണ് എക്സൈസ് വകുപ്പ് ഒരുക്കുന്നത്.
ആവേശമായി വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ
ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ലഹരിവിരുദ്ധ സന്ദേശങ്ങളുയർത്തി വിദ്യാർത്ഥികൾ അവതരിപ്പിച്ച സാംസ്കാരിക പരിപാടികൾ ചടങ്ങിന് വലിയ ഉണർവ്വേകി.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈകാരികമായ തെരുവ് നാടകവും, കുറിച്ചി എ.വി.എച്ച്.എസ്.എസ് (എ.വി.എച്ച്.എസ്.എസ്.) വിദ്യാർത്ഥികളുടെ ഊർജ്ജസ്വലമായ ഫ്ലാഷ് മോബും നാടിന് വേറിട്ട അനുഭവവും വൻ ജനപ്രീതിയും നൽകി.
ഔദ്യോഗിക ചടങ്ങുകൾകുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എൻ. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ രാജഗോപാൽ സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദിത്യ ഓമനക്കുട്ടൻ മുഖ്യപ്രഭാഷണവും, ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ആദർശ് ജി. എൽ.
പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തന രൂപരേഖയും വിശദീകരിക്കുകയും ചെയ്തു.
വിവിധ പഞ്ചായത്ത് അംഗങ്ങൾ. ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ സുമേഷ് ദേവദാസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.






