തിരുവനന്തപുരം: കള്ളിന്റെ ഉല്പാദനം മുതല്‍ ഉപഭോഗം വരെയുള്ള നടപടികള്‍ നിരീക്ഷിക്കാൻ 'ട്രാക്ക് ആൻഡ് ട്രേസ്' മൊബൈല്‍ ആപ്ലിക്കേഷനുമായി എക്സൈസ് വകുപ്പ്.
ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തല്‍ വർഷത്തില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം.
ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങള്‍ക്കും സെപ്റ്റംബർ 20നകം നമ്പർ നല്‍കണം. ഓരോ മരത്തിന്റെയും വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ ലൈസൻസിനും ഗതാഗത പെർമിറ്റിനുമുള്ള അപേക്ഷകള്‍ സ്വീകരിക്കൂ.
അപേക്ഷ ലഭിച്ചാല്‍ എക്സൈസ് ഉദ്യോഗസ്ഥർ തോട്ടത്തിലെത്തി മരങ്ങളുടെയും ഭൂമിശാസ്ത്രപരമായ വിവരങ്ങളുടെയും പരിശോധന നടത്തും. തോട്ടത്തില്‍നിന്ന് കള്ള് വാഹനത്തില്‍ കയറ്റുമ്പോഴും വിവരങ്ങള്‍ ആപ്പില്‍ രേഖപ്പെടുത്തണം. തോട്ടത്തിന്റെ ലൊക്കേഷനില്‍നിന്ന് 50 മീറ്റർ പരിധിക്കുള്ളില്‍ നിന്നേ വിവരങ്ങള്‍ രേഖപ്പെടുത്താനാകൂ.
വ്യാജ കള്ളിന്റെ ഉല്പാദനവും വിതരണവും തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആപ്പിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർക്കും ലൈസൻസികള്‍ക്കും പരിശീലനം നല്‍കും.






