മുംബൈ: പെട്രോളില്‍ ചേർക്കാനുള്ള എഥനോള്‍ നിർമാണത്തിനായി കരിമ്പ് വൻതോതില്‍ ഉപയോഗിക്കുന്നത് മാറ്റുന്നു. രാജ്യത്തു പഞ്ചസാരയ്ക്ക് രൂക്ഷമായ ക്ഷാമവും വിലക്കയറ്റവും ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഉത്സവസീസണുകള്‍ അടുത്തിരിക്കെ റീട്ടെയില്‍ വിപണിയില്‍ പഞ്ചസാര വില സർവകാല റിക്കാർഡിലെത്തി.
ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയ്ക്കുക ലക്ഷ്യമിട്ട് പെട്രോളില്‍ 20% എഥനോള്‍ ചേർക്കുന്ന ഇ20 പദ്ധതിക്കായി കരിമ്പുനീരും മൊളാസസും വൻതോതില്‍ ഉപയോഗിക്കുന്നു. എഥനോള്‍ നിർമാണത്തിന് ആവശ്യമായ മൊത്തം അസംസ്കൃത വസ്തുക്കളുടെ 30-35 ശതമാനത്തോളം കരിമ്പില്നിന്നാണു കണ്ടെത്തുന്നത്.
മഹാരാഷ്ട്രയിലെ കോലാപ്പുർ വിപണിയില്‍ പഞ്ചസാര മൊത്തവ്യാപാര വില ക്വിന്റലിന് 5,350 രൂപ വരെയായി ഉയർന്നപ്പോള്‍ റീട്ടെയില്‍ വിപണിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ കിലോയ്ക്ക് 58 മുതല്‍ 65 രൂപ വരെയാണ് ഈടാക്കുന്നത്.
പഞ്ചാബില്‍ റീട്ടെയില്‍ പഞ്ചസാരവില കിലോയ്ക്ക് 65 രൂപയായി. മുംബൈ, ഭോപ്പാല്‍ തുടങ്ങിയ മറ്റു പ്രധാന വിപണികളില്‍ കിലോയ്ക്ക് 58 മുതല്‍ 63 രൂപ വരെയായാണു വില ഉയർന്നത്.
പഞ്ചസാരയ്ക്കു വിപണിയില്‍ അനുഭവപ്പെടുന്ന ക്ഷാമവും തുടർച്ചയായ വിലക്കയറ്റവും പ്രത്യാശ നല്‍കിയതോടെ രാജ്യത്തെ പ്രധാന പഞ്ചസാര കമ്പനികളുടെ ഓഹരിമൂല്യത്തില്‍ വൻ മുന്നേറ്റം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പ്രമുഖ പഞ്ചസാര കമ്പനികളുടെ ഓഹരികള്‍ 14 ശതമാനം വരെ ഉയർന്നു.
കരിമ്പില്‍നിന്നു വൻതോതില്‍ എഥനോള്‍ ഉത്പാദിപ്പിക്കുന്നതും പഞ്ചസാരലഭ്യത കുറഞ്ഞതും കമ്പനികളുടെ ഭാവിവരുമാനത്തില്‍ പ്രതിഫലിക്കുമെന്ന വിലയിരുത്തലിലാണ് നിക്ഷേപകർ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത്.
ബജാജ് ഹിന്ദുസ്ഥാൻ, ദ്വാരികേഷ് ഷുഗർ, ശ്രീ രേണുക ഷുഗേഴ്സ് എന്നിവയുടെ ഓഹരികള്‍ 10 മുതല്‍ 14 ശതമാനം വരെ ഉയർന്നു. ധാംപുർ ഷുഗർ, ദാല്‍മിയ ഭാരത് ഷുഗർ, ബല്‍റാംപുർ ചിനി മില്‍സ് തുടങ്ങിയവ രണ്ടു മുതല്‍ ഏഴു ശതമാനം വരെ ലാഭമുണ്ടാക്കി.






