മുംബൈ: ആർബിഐ വീണ്ടും പലിശ നിരക്കുകള്‍ ഉയർത്തിയേക്കുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ട്.
വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒക്ടോബറിലും ഡിസംബറിലുമായി റിപ്പോ നിരക്കില്‍ 0.50 ശതമാനത്തിൻ്റെ അഥവാ 50 ബേസിസ് പോയിൻ്റിൻ്റെ വർധനവ് വരുത്താൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ഈ നീക്കം രാജ്യത്തെ സാധാരണക്കാരെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും. റിപ്പോ നിരക്ക് വർധിക്കുന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും പ്രതിമാസ തിരിച്ചടവ് തുകയും (ഇഎംഐ) ഉയരും. ഇത് സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കുടുംബ ബജറ്റ് താളം തെറ്റിക്കും.
വിലക്കയറ്റമാണ് നിലവില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പൊതുജനത്തെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. ഉള്ളി, പാചക എണ്ണ, പാചക വാതകം എന്നിവയുടെ വില കുതിച്ചുയരുന്നത് നിലവില്‍ സാധാരണക്കാരെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
പലിശ നിരക്ക് ഉയരുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കുന്നതിനാല്‍ വിലക്കയറ്റം വർധിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാകുകയും തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാകുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.






