തിരുവനന്തപുരം : പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാനത്തെ എഥനോൾ പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് പെട്രോൾ പമ്പുകളിൽ പരിശോധന നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന നടക്കുക. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി.
എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ മന്ത്രി അനൂപ് ജേക്കബ് ആണ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷന് പരിശോധനയ്ക്ക് നിർദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിൻ്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.
കർണാടകത്തിലെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നതെന്നാണ് കർണാടക സർക്കാർ വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാന സർക്കാർ ഉന്നയിച്ച ഗുരുതര ആരോപണം തള്ളി എണ്ണക്കമ്പനികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയും എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെ ആണ് കർണാടക സർക്കാരിൻ്റെ വാദങ്ങൾ തള്ളിയത്.






