എരുമേലി : മണ്ഡല - മകരവിളക്ക് സീസണിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു.
ഇത്തവണയും വൻതുകയ്ക്കാണ് പാർക്കിംഗ് ഗ്രൗണ്ട്, ശൗചാലയം, താത്കാലിക കടകള്‍ എന്നിവയുടെ ലേലം നടന്നിരിക്കുന്നത്.
എരുമേലി ക്ഷേത്രത്തില്‍ തോട് വൃത്തിയാക്കല്‍ പൂർത്തിയായി. ഇറിഗേഷൻ വകുപ്പാണ് കുളിക്കടവ് വൃത്തിയാക്കി മണല്‍ നീക്കിയത്. മരച്ചില്ലകള്‍ വെട്ടി വൈദ്യുതിലൈനുകളിലെ തടസങ്ങള്‍ ഒഴിവാക്കുന്ന ജോലികളും പൂർത്തിയായി.
പേരൂർത്തോട്, ഓരുങ്കല്‍കടവ്, എയ്ഞ്ചല്‍വാലി, പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള ശൗചാലയങ്ങള്‍ ഉള്‍പ്പടെ പഞ്ചായത്തിന്റെ കംഫർട്ട് സ്റ്റേഷൻ ലേലം കഴിഞ്ഞു.
ക്ഷേത്രങ്ങളില്‍ പെയിന്റിംഗ് ജോലികള്‍ അവസാനഘട്ടത്തിലാണ്. ഭക്തർ കുളിക്കുന്ന 12 കടവുകളില്‍ ബോർഡുകള്‍, വെളിച്ചം, സുരക്ഷാ മുൻകരുതലുകള്‍ എന്നിവയുടെ കരാറുകള്‍ക്ക് പഞ്ചായത്ത് കഴിഞ്ഞ ദിവസം അനുമതി നല്കി.
ലൈഫ് ഗാർഡുമാരെയും നിയോഗിക്കും. ടൗണിലെ മാലിന്യ നീക്കത്തിന് ബിന്നുകള്‍ സ്ഥാപിക്കും.






