കൊച്ചി: എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്ന ഇവർ ബന്ധുക്കളില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13-ാം തീയതി രാത്രി വീട്ടില്‍ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇരുട്ടായതോടെ മറിയം പൈലി മെഴുകുതിരി കത്തിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തെറ്റി വീണ മെഴുകുതിരിയില്‍ നിന്ന് തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു.
നാല്‍പ്പത് ശതമാനത്തോളം പൊള്ളലേറ്റു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇവരെ രക്ഷിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തില്‍ കെഎസ്ഇബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.






