ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ റെയിൽവേ സമഗ്ര അന്വേഷണം ആരംഭിച്ചു. അപകടസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററെയും പോയിന്റ്സ്മാനെയും മൂന്ന് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു. വൈദ്യപരിശോധനയുടെ ഭാഗമായി ഇരുവരുടെയും രക്തസാമ്പിളുകളും ശേഖരിച്ചു.
പതിവ് അറ്റകുറ്റപ്പണികൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ പിറ്റ്ലൈനിൽ നിന്ന് ട്രെയിൻ പ്രധാന പാളത്തിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. തെറ്റായ സിഗ്നൽ നൽകിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പാളം തെറ്റിയ ട്രെയിൻ ഏകദേശം 40 മീറ്ററോളം മുന്നോട്ട് നീങ്ങുകയും 40ഓളം സ്ലീപ്പറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ട്രെയിൻ മറിയാതിരുന്നതും സമീപ പാളങ്ങളിൽ മറ്റ് ട്രെയിനുകൾ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി.
കേടായ സ്ലീപ്പറുകൾ വെള്ളിയാഴ്ച തന്നെ പൂർണമായി മാറ്റിസ്ഥാപിച്ചു. ശനിയാഴ്ച റെയിൽവേ സാങ്കേതിക വിദഗ്ധർ സ്റ്റേഷനിലെത്തി സ്ലീപ്പറുകളുടെ ഗേജ് ടെസ്റ്റും സിഗ്നലിങ് സംവിധാനങ്ങളുടെ സുരക്ഷാ പരിശോധനയും നടത്തി. തിരുവനന്തപുരം ഡിവിഷണൽ സേഫ്റ്റി ഓഫീസർ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.






