രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) പദ്ധതി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).
നിലവിൽ പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കാത്ത ലക്ഷക്കണക്കിന് തൊഴിലാളികളെ വിരമിക്കൽ കാലത്ത് സാമ്പത്തികമായി സുരക്ഷിതരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടക്കൂട് രൂപീകരിക്കുന്നത്.
ഗിഗ് തൊഴിലാളികൾ, ഫ്രീലാൻസർമാർ, ചെറുകിട സംരംഭകർ, മറ്റ് സ്വയംതൊഴിൽ ചെയ്യുന്നവർ എന്നിവരെയെല്ലാം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് ആലോചന. നിലവിലുള്ള ഇപിഎഫ് സംവിധാനത്തിന് സമാനമായ രീതിയിലായിരിക്കും പുതിയ പദ്ധതി രൂപകൽപ്പന ചെയ്യുക. എന്നാൽ അംഗങ്ങൾക്ക് തങ്ങളുടെ സാമ്പത്തിക സാഹചര്യം അനുസരിച്ച് ദിവസേനയോ മാസത്തിലോ വാർഷികമായോ വിഹിതം അടയ്ക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ സൗകര്യപ്രദമായ സംവിധാനം ഒരുക്കാനാണ് നീക്കം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടപ്പാക്കിയ സാമൂഹിക സുരക്ഷാ മാതൃകകൾ പഠിച്ച ശേഷമാണ് പുതിയ സംവിധാനം അന്തിമരൂപം നൽകുന്നത്. രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും വിരമിക്കൽ കാലത്ത് സ്ഥിരമായ സാമ്പത്തിക സമ്പാദ്യം ഉറപ്പാക്കുന്ന സംവിധാനമൊരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ പദ്ധതിയിൽ വാർഷികമായി രണ്ടര ലക്ഷം രൂപ വരെ നൽകുന്ന സംഭാവനയ്ക്ക് നികുതി ഇളവ് ലഭിക്കുമെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ഇതോടെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും നികുതി ആനുകൂല്യവും ഒരുപോലെ ലഭിക്കുന്ന പുതിയ സംവിധാനത്തിലേക്കുള്ള വഴി തുറക്കുമെന്നാണ് പ്രതീക്ഷ.






