അമിതമായി സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും മാനസിക സമ്മര്‍ദം തോന്നുമ്പോഴും മനസറിയാതെ, വയററിയാതെ ഒരുപാട് ഭക്ഷണം ഇരുന്ന് കഴിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഇമോഷണല്‍ ഈറ്റിംഗ്.
ശരീരത്തില്‍ വിശപ്പ് തോന്നിയില്ലെങ്കിലും വെറുതെ കഴിക്കാന്‍ തോന്നുന്ന അവസ്ഥ. ഭക്ഷണം ഇങ്ങനെ കഴിക്കുമ്പോള്‍ പ്രശ്നങ്ങളില്‍ നിന്ന് താത്ക്കാലിക ആശ്വാസം ലഭിക്കുന്നത് പോലെയൊരു തോന്നല്‍. അതിവൈകാരിക മുഹൂര്‍ത്തങ്ങളില്‍ ഭക്ഷണം നിയന്ത്രിക്കാനോ വയര്‍ നിറയുമ്പോള്‍ കഴിക്കുന്നത് നിര്‍ത്താനോ പറ്റാത്ത അവസ്ഥയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുക്ക് കൊതി തോന്നുന്നത് മിക്കപ്പോഴും ജങ്ക് ഫുഡ്സിനോടാകും എന്നതാണ് മറ്റൊരു സങ്കടകരമായ കാര്യം.
ചില ഇമോഷണല്‍ ട്രിഗ്ഗേഴ്സ് വരുമ്പോഴാണ് ഭക്ഷണത്തില്‍ നിന്ന് പലരും താത്ക്കാലിക ആശ്വാസം തേടുന്നത്. സാധാരണയായി കൂടുതല്‍ പേരിലും വരുന്ന ട്രിഗേഴ്സും വന്നാല്‍ എന്ത് ചെയ്യണമെന്നതും ഓരോന്നായി പരിശോധിക്കാം.
മാനസിക സമ്മര്‍ദം, ജോലിയ്ക്കിടെയുള്ള തളര്‍ച്ച
സമ്മര്‍ദം മാറ്റാന്‍ എന്തെങ്കിലും കൊറിക്കാനെടുക്കുന്നതിന് മുമ്പ് വെറുതെ ഒരു അഞ്ച് മിനിറ്റ് ഓഫിസിലോ പരിസരത്തോ സ്വന്തം മുറിയിലോ നടക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്നിട്ടും വിശപ്പ് തോന്നുന്നുവെങ്കില്‍ മാത്രം എന്തെങ്കിലും കഴിക്കാനെടുക്കുക.
നല്ല സന്തോഷം തോന്നിയാല്‍
ആഘോഷങ്ങള്‍ എന്നത് ഭക്ഷണം കഴിക്കല്‍ മാത്രമല്ല. എന്നിരിക്കിലും വല്ലപ്പോഴും ലഭിക്കുന്ന നല്ല മുഹൂര്‍ത്തങ്ങളില്‍ അമിതമായി ഭക്ഷണം കഴിച്ചുവെന്ന കുറ്റബോധം വേണ്ട. മനസറിയാതെ കഴിക്കുന്നതിന് പകരം സമയമെടുത്ത് ഓരോ സ്പൂണും ആസ്വദിച്ച് കഴിക്കുക. വയര്‍ മുഴുവനായി നിറയുന്നതിന് മുമ്പ് നിര്‍ത്താന്‍ ശ്രമിച്ചുനോക്കുക.
ഒറ്റപ്പെടല്‍, സങ്കടം
ഭക്ഷണത്തിനായി അടുക്കളയിലേക്ക് ഓടുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബാംഗങ്ങളോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാന്‍ ശ്രമിച്ച് നോക്കുക. വീട്ടില്‍ വളര്‍ത്ത് മൃഗങ്ങളുണ്ടെങ്കില്‍ അവയെ പരിപാലിക്കുക. ഒരു പഴയ നല്ല സുഹൃത്തിന്റെ നമ്പരില്‍ വെറുതെ വിളിച്ച് നോക്കുക. വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രൊഫഷണലുകളുടെ സഹായം തേടുക.
ബോറടിച്ചാല്‍
ഭക്ഷണം എടുക്കുന്നതിന് മുമ്പ് സ്വയം ഒരു ചോദ്യം ചോദിക്കുക. ഞാന്‍ കഴിക്കുന്നത് വിശന്നിട്ടോ അതോ വെറുതെ ഇരുന്ന് ബോറടിച്ചിട്ടോ? ബോറടിയാണ് പ്രശ്നമെങ്കില്‍ അതിനുള്ള മറ്റ് പരിഹാരങ്ങള്‍ തേടാന്‍ ശ്രമിക്കണം. നിങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന എന്തെങ്കിലും ഹോബികള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കുക.
ക്ഷീണം, ഉറക്കക്കുറവ്
ആവശ്യത്തിന് ഉറങ്ങാതെ, ആ ക്ഷീണം പരിഹരിക്കാന്‍ കോഫിയും മറ്റ് മധുരപലഹാരങ്ങളും കഴിക്കുക എന്നത് വലിയൊരു തെറ്റാണ്. സമയം കിട്ടുന്ന മുറയ്ക്ക് ക്ഷീണമകറ്റാന്‍ ഒരു പവര്‍ നാപ്പെങ്കിലും എടുക്കുക.






