നിരുവനന്തപുരം: വൈദ്യുതിബോർഡിന്റെ മുൻകാലനഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു.
പുതുക്കിയ വൈദ്യുതിനിരക്കും സർച്ചാർജും 2027 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. 2027-28 മുതല്‍ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതിനിരക്ക് പുതിയ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കമ്മിഷൻ നിശ്ചയിക്കുക.
ഈ കാലയളവിലെ നാലുവർഷവും മുൻകാലനഷ്ടം ഈടാക്കുന്നതിനുള്ള സർച്ചാർജ് ഉണ്ടായിരിക്കും. വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ബില്ലിന്റെ നിശ്ചിത നിരക്കിലായിരിക്കും സർച്ചാർജ് ചുമത്തുക.
മറ്റു വിഭാഗങ്ങള്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്റെയും വൈദ്യുതിനിരക്കിന്റെയും നിശ്ചിത ശതമാനമായിരിക്കും സർച്ചാർജ്. ഇന്ധന സർച്ചാർജിന്റെ പരിധി വിപുലീകരിക്കും. വൈദ്യുതി ഉത്പാദനച്ചെലവില്‍ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കുന്നതിനാണ് മാസം തോറും ഇന്ധന സർച്ചാർജ് ചുമത്തുന്നത്.
ഇതുവരെ ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്. പുതിയ നയപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധികബാധ്യതയും കണക്കാക്കും.
ഈ അധികബാധ്യത കമ്മിഷന്റെ അംഗീകാരമില്ലാതെ കമ്പനിക്ക് നേരിട്ട് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാം. അധികച്ചെലവ് ഉടൻ തന്നെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നതിനായാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
എന്നാല്‍, ശരാശരി വൈദ്യുതി വിലയുടെ നാല് ശതമാനത്തില്‍ കൂടുതല്‍ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.പീക്ക് സമയം രാത്രി 11.30 വരെ വൈദ്യുതിയുടെ ആവശ്യം കൂടുതലുള്ള പീക്ക് സമയത്തിന്റെ നിർവചനത്തിലും നയം മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വൈകീട്ട് ആറുമുതല്‍ രാത്രി പത്തുവരെയുള്ള പീക്ക് സമയം ഇനി വൈകീട്ട് ആറുമുതല്‍ രാത്രി 11.30 വരെയാകും.
പീക്ക് സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ടി.ഒ.ഡി. മീറ്റർ സ്ഥാപിക്കണമെന്നും നയം നിർദേശിക്കുന്നു.






