തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. കേരളത്തിന്റെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 17 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാൻ കഴിയുന്നതെന്നും ഉത്പാദനം കുറഞ്ഞതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി വ്യക്തമാക്കി.
മഴയുടെ ലഭ്യത കുറഞ്ഞതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയതായി മന്ത്രി പറഞ്ഞു. അനാവശ്യ വൈദ്യുതി ഉപയോഗം പരമാവധി നിയന്ത്രിക്കണമെന്നും എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ ലഭിച്ചിരുന്ന വൈദ്യുതി വാങ്ങൽ കരാർ റദ്ദായതും നിലവിലെ പ്രതിസന്ധിക്ക് കാരണമായതായി മന്ത്രി ചൂണ്ടിക്കാട്ടി. ലോകകപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന ദിവസം വൈദ്യുതി തടസം ഉണ്ടാകാതിരിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു.






