തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് നേരിയ ആശ്വാസം. കേന്ദ്ര വിഹിതമായി 150 മെഗാവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ കത്ത് പരിഗണിച്ചാണ് കേന്ദ്രാനുമതി. ഡിസംബർ 31 വരെ 150 മെഗാവാട്ടിൻ്റെ ലഭ്യത തുടരും. 120 മെഗാവാട്ട് അനുമതി തേടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നത്. കേന്ദ്രത്തെ നിരന്തരം സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം 150 മെഗാവാട്ടിന്റെ അനുമതി സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
കെഎസ്ഇബിയ്ക്കൊ വൈദ്യുതി വകുപ്പിനോ വലിയ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. എന്നാല്‍ 150 മെഗാവാട്ട് കൊണ്ട് പ്രതിസന്ധി പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ല. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുതി വകുപ്പ് എല്ലാ ശ്രമങ്ങളും തുടരുന്നതിനിടെയാണ് കേന്ദ്ര വിഹിതമായി നേരിയ ആശ്വാസം എത്തുന്നത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര പരിഹാരമാർഗങ്ങൾ തേടുകയാണ് കെഎസ്ഇബിയും സംസ്ഥാനസർക്കാരും. ഉത്തരേന്ത്യയിൽ അപ്രതീക്ഷിതമായി മഴ ലഭിച്ചതോടെ അവിടുന്ന് വൈദ്യുതി വാങ്ങാൻ കഴിയുമെന്ന പ്രതീക്ഷ കെഎസ്ഇബിക്ക് ഉണ്ട്. ഇതിന് പുറമെയാണ് നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം. ഈ മാസം 30 വരെ 300 മെഗവാട്ട് വൈദ്യുതി ഒരു യൂണിറ്റിന് 30 രൂപ നൽകി വാങ്ങും.






