ഡൽഹി: 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്കരണത്തിന് നിർദേശം നല്കി തിരഞ്ഞെടുപ്പ് കമ്മീഷൻ.
കേരളം ഉള്പ്പെടെ എസ്ഐആർ നടപടികള് പൂർത്തിയായ സംസ്ഥാനങ്ങളിലാണ് പരിഷ്കരണം നടത്തുന്നത്. ഇതിനായി പഴയ ഫോം ആറ് തന്നെ ഉപയോഗിക്കും.
നവംബർ 12-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. പട്ടിക സംബന്ധിച്ച അവകാശവാദങ്ങളും ആക്ഷേപങ്ങളും അറിയിക്കാൻ ഡിസംബർ 11 വരെ അവസരമുണ്ട്.
അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളും പരിഷ്കരണത്തിന്റെ പരിധിയില് ഉള്പ്പെടും.
അർഹരായ എല്ലാ പൗരന്മാരെയും വോട്ടർപട്ടികയില് ഉള്പ്പെടുത്തുകയും നിലവിലുള്ള പട്ടികയിലെ വിവരങ്ങള് പുതുക്കുകയും ചെയ്യുകയാണ് നടപടിയുടെ ലക്ഷ്യം. 2027ലെ യോഗ്യതാ തീയതി മുൻനിർത്തിയാണ് പരിഷ്കരണ നടപടികള്.






