കൊച്ചി: എറണാകുളം കെഎസ്ആർടിസി ബസ് ടെർമിനലിൽ ഇനി ഭക്ഷണ മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും ചേർന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച ബയോ കമ്പോസ്റ്റർ ബിൻ ഉദ്ഘാടനം എറണാകുളം എംഎൽഎ ടി.ജെ. വിനോദ് നിർവഹിച്ചു.
കൊച്ചിൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ഗോകുലന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.പി. കൃഷ്ണകുമാർ, എ.ടി.ഒ അജിത് എ., കെഎസ്ആർടിസി മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് അനൂപ് ഒ.പി., ഹരിതകേരളം മിഷൻ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ നിസ്സാ നിഷാദ്, എ.എ. സുരേഷ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ റോണി, 'മാലിന്യമുക്തം കെഎസ്ആർടിസി' സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജാൻസി വർഗീസ് എന്നിവർ സംസാരിച്ചു.
ജൈവ മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുന്നതിനായി കെഎസ്ആർടിസി ജീവനക്കാർക്ക് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പരിശീലനവും നൽകി. കെഎസ്ആർടിസി ജനറൽ സി.ഐ ആന്റണി ജോസഫ്, ബി.ടി.സി കോ-ഓർഡിനേറ്റർ അനീഷ്, യൂണിയൻ ഭാരവാഹികൾ, സെന്റ് തെരേസാസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികൾ, കെഎസ്ആർടിസി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.






