ഡല്‍ഹി: ബോളിവുഡ് നടന് രാജ്പാല് യാദവിന് മൂന്നുമാസം തടവ്. വിവിധ ചെക്ക് ബൗണ്‍സ് കേസുകളിലെ ശിക്ഷ ഡല്‍ഹി ഹൈക്കോടതിയാണ് ശരിവെച്ചത്.
ഏഴ് കേസുകളിലായി മൂന്ന് മാസമാണ് തടവുശിക്ഷ. ഓരോ കേസിലും 1.05 കോടി രൂപ പരാതിക്കാരന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മുരളി പ്രോജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഫയല്‍ ചെയ്ത ഏഴ് ചെക്ക് ബൗണ്‍സ് കേസുകളാണ് വിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊബേഷൻ ഓഫ് ഒഫെൻഡേഴ്സ് ആക്ട് പ്രകാരമുള്ള ഇളവ് അനുവദിക്കണമെന്ന രാജ്പാല് യാദവിന്റെ ആവശ്യം കോടതി തള്ളി. വിചാരണ നടപടികളിലുടനീളം രാജ്പാല് യാദവിന്റെ പെരുമാറ്റം പരിഗണിക്കുമ്പോള്‍ അത്തരമൊരു ഇളവിന് അദ്ദേഹം അർഹനല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട തുക അടയ്ക്കാമെന്ന് രാജ്പാല് യാദവ് പലതവണ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ നിരവധി അവസരങ്ങള്‍ നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന വിധി നിലനിർത്തുകയായിരുന്നു.
2010ല്‍ രാജ്പാല് യാദവ് നിർമിച്ച 'അട്ടാ പട്ടാ ലാപ്പട്ടാ' എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. സിനിമ നിർമ്മിക്കുന്നതിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അഞ്ചു കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങി. തുടർന്ന് രാജ്പാല് യാദവും ഭാര്യ രാധാ യാദവും നല്കിയ നിരവധി ചെക്കുകള്‍ ബാങ്കില്‍ സമർപ്പിച്ചപ്പോള്‍ മതിയായ തുക അക്കൗണ്ടിലില്ലാത്തതിനാല് മടങ്ങി. ഇതോടെ ഇരുവർക്കുമെതിരെ ഏഴ് പ്രത്യേക കേസുകള്‍ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഭാര്യ രാധ രാജ്പാല് യാദവ് ഓരോ കേസിലും 5 കോടിയിലധികം രൂപ പിഴ അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.






