തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളുടെ നടത്തിപ്പും വാർഡൻ, ട്യൂട്ടർ നിയമനങ്ങളും കൂടുതൽ സുതാര്യമാക്കുന്നതിനും അനധികൃത താമസക്കാരെ പൂർണ്ണമായി ഒഴിവാക്കുന്നതിനുമായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ കർശന സർക്കുലർ പുറത്തിറക്കി. ഹോസ്റ്റലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പണം പിൻവലിക്കാനും വിതരണം ചെയ്യാനും അധികാരമുള്ള അധ്യാപകരെ മാത്രമായിരിക്കണം പ്രിൻസിപ്പൽമാർ വാർഡനായി നിയമിക്കേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടൊപ്പം താമസിക്കുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഓരോ അധ്യയന വർഷവും ട്യൂട്ടർമാരെയും നിയമിക്കണം. അധ്യാപകരുടെ രേഖാമൂലമുള്ള സമ്മതം വാങ്ങിയ ശേഷം കോളേജ് കൗൺസിൽ ചേർന്നെടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം ഈ നിയമനങ്ങൾ നടത്തേണ്ടത്. വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ വാർഡനായി നിയമിക്കുന്നതിന് മുൻപായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം. വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കൗൺസിൽ തീരുമാനം കൃത്യമായി പരാമർശിക്കണമെന്നും ഓരോ നിയമനവും ജൂൺ ഒന്ന് മുതൽ മാർച്ച് മുപ്പത്തിയൊന്ന് വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ നിലവിലുള്ളവരുടെ കാലാവധി നീട്ടുകയോ പുതിയ നിയമനം നടത്തുകയോ ചെയ്യാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണ ഉത്തരവ് യഥാസമയം വാങ്ങിയിരിക്കണം. ഹോസ്റ്റലുകളിലെ ക്ലാർക്കുമാർക്ക് മധ്യവേനലവധി ബാധകമല്ലെന്നും അവധിക്കാലത്ത് പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ ഇരുപത് വിദ്യാർത്ഥികൾക്ക് ഒരു കുക്ക് എന്ന അനുപാതത്തിൽ മാത്രമേ പാചകക്കാരെ അനുവദിക്കാവൂ എന്നും സർക്കുലറിൽ നിഷ്കർഷിക്കുന്നുണ്ട്. ഹോസ്റ്റലുകളിൽ അനധികൃതമായി ആളുകൾ തങ്ങുന്നത് തടയാൻ വാർഡന്മാർക്ക് കർശന നിർദ്ദേശമാണ് നൽകിയിട്ടുള്ളത്. അതത് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോസ്റ്റലുകളിൽ പ്രവേശനമുള്ളതെന്ന് വാർഡന്മാർ ഉറപ്പുവരുത്തണം. പുറത്തുനിന്നുള്ളവരെയോ മറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയോ യാതൊരു കാരണവശാലും താമസിപ്പിക്കാൻ പാടില്ല. ഹോസ്റ്റലിൽ പ്രവേശനം നേടിയവർ, അവധിക്ക് സ്വന്തം വീടുകളിൽ പോയവർ, നിലവിൽ തങ്ങുന്നവർ എന്നിവരുടെ കണക്കുകൾ കൃത്യമായി ഒത്തുനോക്കി അനധികൃത താമസക്കാരില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. പുറത്തുനിന്നുള്ളവരോ അനധികൃത താമസക്കാരോ ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ വാർഡൻ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കുകയും നേരിട്ട് ഇടപെട്ട് ഒഴിവാക്കുകയും വേണം. അത് സാധ്യമായില്ലെങ്കിൽ അവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സർവ്വകലാശാലകൾ മധ്യവേനലവധി പ്രഖ്യാപിക്കുമ്പോൾ കോളേജുകൾക്കൊപ്പം ഹോസ്റ്റലുകൾക്കും അവധിയായിരിക്കും. എന്നാൽ സർവ്വകലാശാല പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം പരീക്ഷാ സമയവിവരപ്പട്ടികയോ ക്ലാസ് ഷെഡ്യൂളോ ലഭ്യമാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ മാർച്ച് മുപ്പത്തിയൊന്നിന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്തമാക്കുന്നു






