കോഴിക്കോട്∙ മാറ്റങ്ങള്‍ വരുത്താനുള്ള സല്‍ബുദ്ധി നേരത്തെ തോന്നിയിരുന്നെങ്കില്‍ നന്നാകുമായിരുന്നുവെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്.
തിരഞ്ഞെടുപ്പില്‍ തോറ്റപ്പോഴാണ് പാർട്ടിയില്‍ എന്തോ പ്രശ്നമുണ്ടെന്ന തോന്നല്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയില്‍ പാർലമെന്ററി വ്യാമോഹം ഉണ്ടായെന്നും 10 വർഷം ഭരിച്ചതിന്റെ സുഖം പാർട്ടിയെ ബാധിച്ചെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി.
ഭരണം മതി, സമരം വേണ്ട എന്ന ചിന്ത പാർട്ടിയില്‍ ഉണ്ടായെന്നും അത് സംഘടനയെ ബാധിച്ചെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടിക്കെതിരെ ഉയർന്ന അപഖ്യാതികളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. സംഘടനാ സംവിധാനങ്ങളിലെ ദൗർബല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും തിരുത്തലുകളുടെ തുടർച്ച ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി സംവിധാനങ്ങള്‍ മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ദൗർബല്യങ്ങള്‍ മറികടക്കുന്നതിനുള്ള പരിപാടികള്‍ക്ക് രൂപം നല്കി. ഇനി ജനങ്ങളുമായി കൂടുതല്‍ അടുക്കും. സംഘടനയിലെ വീഴ്ചകള്‍ പരിഹരിക്കുകയും വർഗ-ബഹുജന അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു.






