തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റായി ചിന്ത ജെറോമിനെയും സംസ്ഥാന സെക്രട്ടറിയായി എം വിജിൻ എംഎൽഎയെയും തിരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.
ചരിത്രത്തിലാദ്യമായാണ് ഡിവൈഎഫ്ഐക്ക് വനിത അധ്യക്ഷ വരുന്നത്. കൂടാതെ 25 അംഗ സെക്രട്ടറിയേറ്റിനെയും പ്രഖ്യാപിച്ചു. വി അനൂപ്, ആര് ശ്യാമ, മുഹമ്മദ് അഫ്സല്, ഷബീര്‍ പി, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഗ്രീഷ്മ അജയ്ഘോഷ്, രജീഷ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിന് ദേവ്, അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍.
നാല് ദിവസമായി തുടരുന്ന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നാലിന് നേതാജി ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സൈബര്‍ അധിക്ഷേപം നേരിട്ട നാടകം മിസ ഇന്ന് സമാപന സമ്മേളനത്തിന് ശേഷം വീണ്ടും പ്രദര്‍ശിപ്പിക്കും.






