തിരുവനന്തപുരം : ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി മുന്‍ ട്രഷററും കാട്ടായിക്കോണം സ്വദേശിയുമായ വിഎസ് ശ്യാമയെ തിരഞ്ഞെടുത്തു. മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ ജില്ലാ പ്രസിഡന്റാക്കാന്‍ സിപിഎമ്മിലെയും ഡിവൈഎഫ്ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ നടത്തിയ നീക്കം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ആര്യ രാജേന്ദ്രന്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തപ്പെട്ട ആര്യയെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലും സംഘടനയിലുമുള്ള മറ്റൊരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയായിരുന്നു.
എല്‍.എസ്. ലിജുവാണ് പുതിയ ജില്ലാ സെക്രട്ടറി. എസ്.എസ്. നിതിനെ പുതിയ ട്രഷററായും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എല്‍.എസ്. ലിജുവും ട്രഷററായ എസ്.എസ്. നിതിനും നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗങ്ങളാണ്. നേതൃത്വ തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്ന അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എംപി അടിയന്തരമായി തിരുവനന്തപുരത്തെത്തി ചര്‍ച്ചകളില്‍ പങ്കെടുത്തു.
മുതിര്‍ന്ന സിപിഎം നേതാക്കളുമായി നടത്തിയ വിശദമായ ആശയവിനിമയത്തിന് ശേഷമാണ് പുതിയ ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്കി പഖ്യാപനം നടത്തിയത്.






