കൊച്ചി: സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് ഇരട്ടിപ്പില്‍, പിഴവ് മറക്കാൻ ഏജൻ്റുമാരെ ബലിയാടാക്കി ലോട്ടറി ഡയറക്ടറേറ്റിന്റെ വിചിത്ര നടപടി.
പിഴവ് ചൂണ്ടിക്കാണിച്ച ലോട്ടറി ഏജൻ്റുമാരുടെ ഏജൻസി സസ്പെൻഡ് ചെയ്തു. പൊതുമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ട് ലോട്ടറി ഏജന്റുമാരുടെ ഏജൻസിയാണ് സസ്പെൻഡ് ചെയ്തത്. ബിജു എസ് ( Q 4045), സന്തോഷ് ആർ ( Q 61 12 ) എന്നിവരുടെ ഏജൻസികള്‍ ആണ് സസ്പെൻഡ് ചെയ്തത്.
ടിക്കറ്റിന്റെ കൃത്യത ഏജന്റ് തന്നെ പരിശോധിച്ചു ഉറപ്പുവരുത്തണമെന്ന് ലോട്ടറി ഡയറക്ടറേറ്റിന്റെ ഉത്തരവില്‍ പറയുന്നു. കേരള പേപ്പർ ലോട്ടറി റെഗുലേഷൻ ചട്ടം 5 (5) പ്രകാരമാണ് സസ്പെൻഷൻ. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഇമ്പശേഖർ എസ് ആണ് ഉത്തരവ് ഇറക്കിയത്. ടിക്കറ്റ് അച്ചടിച്ച പ്രസ്സിന്റേയും, ലോട്ടറി വകുപ്പിന്റെയും വീഴ്ചകള്‍ മറച്ചുവെച്ചാണ് നടപടി. കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ഒരേ നമ്പരിലുള്ള കേരള സർക്കാർ സ്ത്രീശക്തി ലോട്ടറികള്‍ ലഭിച്ചത്.കൊല്ലം ട്രഷറിയില്‍ നിന്ന് എടുത്ത ലോട്ടറിയിലാണ് ക്രമക്കേട്.
ഒരുകോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തിയുടെ എസ്സി 819746 എന്ന നമ്പറിലാണ് ഇന്ന് 2 ലോട്ടറികള്‍ ഉണ്ടായിരുന്നത്. കുണ്ടറ ചെറുമൂടുള്ള അഖി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റില്‍ ഒരേ നമ്പർ ശ്രദ്ധയില്‍പ്പെട്ടത്.






