ഡല്‍ഹി: ഇന്ത്യയില്‍ പ്രവർത്തിക്കുന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ വൻകിട സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ.
ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന കണ്ടൻ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന നിയമപരിരക്ഷ അഥവാ 'സേഫ് ഹാർബർ' പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള ചർച്ചകള്‍ക്ക് ഐ.ടി മന്ത്രാലയം തുടക്കം കുറിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്യുന്നു.
ഇൻ്റർനെറ്റ് സേവന ദാതാക്കള്‍, ടെലികോം കമ്പനികള്‍ എന്നിവർക്ക് സമാനമായി വിവരങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ കൈമാറുന്നവർക്ക് മാത്രം ഈ നിയമ പരിരക്ഷ നല്കിയാല് മതിയെന്നാണ് സർക്കാരിൻ്റെ പുതിയ നിലപാട്.
നിലവില്‍ ഐ.ടി ആക്ട് 2000-ലെ സെക്ഷൻ 79 പ്രകാരമാണ് ഉപയോക്താക്കളുടെ പോസ്റ്റുകളുടെയും വീഡിയോകളുടെയും പൂർണ്ണ ഉത്തരവാദിത്തത്തില്‍ നിന്നും സമൂഹ മാധ്യമങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കുന്നത്.
എന്നാല്‍ ഇക്കാലത്ത് സമൂഹ മാധ്യമങ്ങള്‍ ഇടനിലക്കാർ എന്ന നിലയിലല്ല പ്രവർത്തിക്കുന്നത് എന്നും, ആളുകള്‍ എന്ത് കാണണമെന്ന് തീരുമാനിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളുടെ അല്ഗോരിതമാണെന്നും സർക്കാർ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പഴയ നിയമപരിരക്ഷ നല്‍കേണ്ടതില്ല എന്നാണ് ഐ.ടി മന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍.






