കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. കാസർകോട്ടും മലപ്പുറത്തുമായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഒന്നര വയസും അഞ്ചുമാസവും മാത്രം പ്രായമുള്ള രണ്ട് പിഞ്ചുകുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കാസർകോട് പൈവളിഗെയില്‍ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരനായ റിതുരാജിനെയാണ് തെരുവുനായ കൂട്ടം ക്രൂരമായി ആക്രമിച്ചത്.
ഗുരുപ്രസാദ്-തുളസി ദമ്പതികളുടെ മകനായ റിതുരാജിന്റെ മുഖത്താണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. കുട്ടിയെ ഉടൻ തന്നെ കാസർകോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, മലപ്പുറം ഒതുക്കുങ്ങലില്‍ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീടിനുള്ളില്‍ കയറി കടിക്കുകയായിരുന്നു. ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പില്‍ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.






