കോട്ടയം: ഫിഫ ലോകകപ്പ് ഫൈനലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം.
വിദ്യാർഥികൾക്ക് ലോകകപ്പ് ഫൈനൽ മത്സരം കുടുംബത്തോടൊപ്പം ആസ്വദിക്കാനും കായികവിനോദങ്ങളോടുള്ള താൽപര്യം കൂടുതൽ വളർത്താനും ഈ തീരുമാനം സഹായകരമാണെന്ന് അവർ പറഞ്ഞു.
ലോകകപ്പ് ഫൈനലിന്റെ പിറ്റേദിവസം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് ദിയ ബിനു നേരത്തെ നിവേദനം നൽകിയിരുന്നു.
വിദ്യാർഥികളുടെ താൽപര്യം പരിഗണിച്ച് സമയോചിതമായി തീരുമാനം കൈക്കൊണ്ട മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർക്ക് അവർ നന്ദി അറിയിച്ചു. കായിക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയും വളർത്തിയെടുക്കുന്നതിനും ഈ തീരുമാനം മികച്ച പ്രചോദനമാകുമെന്നും ദിയ ബിനു അഭിപ്രായപ്പെട്ടു.






