കുമരകം ∙ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 9ന് കുമരകം ചന്തക്കവലയിൽ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
ഉച്ചയ്ക്ക് 12ന് നസ്രത്ത് പള്ളിക്ക് സമീപമുള്ള സംരക്ഷ ചാരിറ്റബിൾ സൊസൈറ്റിയിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തു. കുമരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ജെ. സാബുവിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ നാട്ടകം സുരേഷ് എംഎൽഎയും ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് കുട്ടികൾക്ക് ഭക്ഷണം വിതരണം ചെയ്തു.
എംഎസ്ഡബ്ല്യു പഠനത്തിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയ ജിസ്മി സാബുവിനെ നാട്ടകം സുരേഷ് എംഎൽഎ ഫലകം നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിഷ്ണു മണി, അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജോഫി ഫെലിക്സ്, സലിമ ശിവാത്മജൻ, ദിവ്യ ദാമോദരൻ, ടിറ്റു ലൂയിസ് എന്നിവരുൾപ്പെടെ കുമരകത്തെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചടങ്ങുകളിൽ പങ്കെടുത്തു.






