തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.
കേരളത്തിൽ ഇന്നും (സെപ്റ്റംബർ 8) നാളെയും (സെപ്റ്റംബർ 9) സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. പരമാവധി ശുദ്ധജലം കുടിക്കുന്നതാണ് ഉചിതം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ചെരുപ്പ് ഉപയോഗിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ORS ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാകാനും തീ പെട്ടെന്ന് വ്യാപിക്കാനും സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റ് നടത്തുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
ചൂട് കൂടുന്നതോടെ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും വർധിക്കും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ശ്രദ്ധിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുകയും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാക്കാലമാണെങ്കിൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കേണ്ടതാണ്. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം.
കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. കുട്ടികളെ വിനോദസഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അങ്കണവാടി കുട്ടികൾക്കും ചൂട് ഏൽക്കുന്നില്ലെന്ന് തദ്ദേശ സ്ഥാപന അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പുരോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലം അവശത അനുഭവിക്കുന്നവർ എന്നിവർ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ചൂട് നേരിട്ട് ഏൽക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകുകയും ആവശ്യമായാൽ യാത്രയ്ക്കിടെ അൽപസമയം വിശ്രമിക്കാൻ അവസരം നൽകുകയും വേണം.
മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ കുട ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം ലഭ്യമാക്കി നിർജലീകരണം തടയാനും നടപടി സ്വീകരിക്കണം.
പൊതുപരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളവും തണലും സംഘാടകർ ഉറപ്പാക്കണം. കഴിയുന്നതും രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ സമ്മേളനങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
യാത്രയ്ക്കിടെ ആവശ്യത്തിന് വിശ്രമം എടുക്കുകയും ആവശ്യമായ വെള്ളം കയ്യിൽ കരുതുകയും വേണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റ് കഠിന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും ജോലിക്കിടെ ആവശ്യമായ വിശ്രമം ഉറപ്പാക്കുകയും വേണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ ജലലഭ്യത ഉറപ്പാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വെള്ളം പാഴാക്കാതെ ഉപയോഗിക്കണമെന്നും മഴ ലഭിക്കുമ്പോൾ പരമാവധി വെള്ളം സംഭരിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കയ്യിൽ കരുതണം.
ചൂട് മൂലം അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം. കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അവ അനുസരിക്കുകയും ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.
പുറപ്പെടുവിച്ച സമയം: 12.30 PM, 08/09/2026
KSEOC-KSDMA






