കോട്ടയം: ദഹനാരോഗ്യം കഴിക്കുന്ന ഭക്ഷണത്തെ മാത്രമല്ല നമ്മുടെ ദൈനംദിന ശീലങ്ങളെയും ആശ്രിയിച്ചിരിക്കുന്നു.
അതിനാല്‍ ഭക്ഷണശീലം കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ചില പ്രധാന ശീലങ്ങള്‍ മാറ്റേണ്ടത് അത്യാവശ്യമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ടിവിയോ മൊബൈല്‍ ഫോണോ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. കുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ഈ ശീലം വയർ നിറഞ്ഞെന്ന സന്ദേശം തലച്ചോറില്‍ കൃത്യമായി എത്തുന്നതിന് തടസമാകും. ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും പിന്നീട് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ഇന്ന് ഭൂരിഭാഗം പേർക്കും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകള്‍ വർദ്ധിപ്പിക്കുകയും ദഹനവ്യവസ്ഥയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന് ശേഷം മധുരം കഴിക്കുന്നത് വയറിലെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ചെറിയ വേദനകള്‍ക്ക് പോലും വേദനസംഹാരികള്‍ സ്ഥിരമായി കഴിക്കുന്നത് ആമാശയത്തിന്റെ സംരക്ഷണ പാളിയെ തകരാറിലാക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ജോലിയ്ക്ക് ശേഷം രാത്രി വീട്ടിലെത്തിയതിന് പിന്നാലെ ധാരാളം വെള്ളം കുടിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാല്‍ ഇങ്ങനെ വെള്ളം ഒറ്റയടിക്ക് കുടിക്കുന്നതിന് പകരം പകല്‍ സമയങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ കുടിക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ദഹനപ്രശ്നങ്ങള്‍ക്ക് മാത്രമല്ല ഡീഹൈഡ്രേഷനും കാരണമാകും.
ഭക്ഷണത്തിന് ശേഷം ദഹനേന്ദ്രിയങ്ങള്‍ സ്വയം വൃത്തിയാക്കുന്ന ഒരു പ്രക്രിയയുണ്ട്.
അതിനാല്‍ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും. ഇത് പിന്നീട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരുണ്ട്. ഇത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകും. ഭക്ഷണത്തിനും ഉറക്കത്തിനുമിടയില്‍ രണ്ട് മുതല്‍ മൂന്ന് മണിക്കൂർ വരെ വ്യത്യാസമുണ്ടായിരിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






