ഡൽഹി: ജീവപര്യന്തം തടവുകാരന്റെ മോചനത്തിനും പരോളിനുമായി ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, വ്യാജ കോടതി ഉത്തരവിന്റെ മറവില്‍ തടവുകാരനെ വിട്ടയക്കുകയും ചെയ്ത കേസില്‍ കർണാടക ജയില്‍ വകുപ്പ് ഡി.ഐ.ജി എം.
സോമശേഖർ അറസ്റ്റിലായി. പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ ചീഫ് സൂപ്രണ്ടായിരിക്കെ 2018-ല്‍ നടത്തിയ ക്രമക്കേടുകളിലാണ് ക്രൈംബ്രാഞ്ച് നടപടി.
പരപ്പന അഗ്രഹാര സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഭർത്താവിന്റെ പരോളിനും മോചനത്തിനുമായി സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി തടവുകാരന്റെ ഭാര്യയാണ് വെളിപ്പെടുത്തിയത്.
കോടതിയില്‍ നല്കിയ മൊഴിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഭർത്താവിന്റെ മോചനം സാധ്യമാക്കണമെങ്കില്‍ സോമശേഖറുമായി ലൈംഗികമായി സഹകരിക്കണമെന്ന് ജയിലിലെ അസിസ്റ്റന്‍ഡായിരുന്ന ശ്രീകാന്ത് എന്ന ഉദ്യോഗസ്ഥന് തന്നോട് ആവശ്യപ്പെട്ടതായും, തുടർന്ന് സോമശേഖർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും യുവതി നല്കിയ മൊഴിയില്‍ പറയുന്നു.
വ്യാജ സുപ്രീംകോടതി ഉത്തരവ് കാട്ടി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ച സംഭവത്തിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. കേസില്‍ 2018ല്‍ സെൻട്രല്‍ ജയിലിലെ കണ്‍വിക്ട് പ്രിസണർ സെക്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സോമശേഖറിന്റെ നിർദേശപ്രകാരമാണ് തടവുകാരനായ ശങ്കറിന്റെ മോചനം നടന്നതെന്ന് ഇവർ പറഞ്ഞു. മുമ്പ് പരോളിലിറങ്ങി ഒളിവില്‍ പോയ ചരിത്രമുള്ള തടവുകാരനാണ് ശങ്കർ. പിന്നീട് പിടിയിലായി ജയിലിലടച്ച ഇയാള്‍ വീണ്ടും പരോളിന് അപേക്ഷിച്ചപ്പോള്‍, നിയമപ്രകാരം അർഹതയില്ലെന്ന് മറ്റ് ജയില്‍ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് 2018ല്‍ 15 ദിവസം വീതം മൂന്ന് തവണ സോമശേഖർ ഇയാള്‍ക്ക് പരോള്‍ അനുവദിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. പരോള്‍ അനുവദിക്കുന്നതിന് മുന്നോടിയായി നടത്തിയ വെരിഫിക്കേഷനിലും വൻ കൃത്രിമം നടന്നതായി പൊലീസ് വ്യക്തമാക്കുന്നു. ചന്ദ്ര ലേഔട്ട് പൊലീസ് സ്റ്റേഷന്റേതെന്ന് അവകാശപ്പെട്ട് ഒരു ഫോണ്‍ നമ്പറിലേക്ക് വിളിച്ച് വിവരങ്ങള്‍ ഉറപ്പുവരുത്തിയെന്നാണ് സോമശേഖർ രേഖപ്പെടുത്തിയിരുന്നത്.
ഈ നമ്പർ പൊലീസ് സ്റ്റേഷന്റേതല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനുപുറമെ, തടവുകാരനെ മോചിപ്പിക്കാൻ ഹാജരാക്കിയ വ്യാജ സുപ്രിംകോടതി ഉത്തരവിന്റെ സത്യാവസ്ഥ പരിശോധിക്കുന്നതിലും സോമശേഖറിന് ഗുരുതര വീഴ്ച പറ്റി. ഉത്തരവില്‍ ഒപ്പുവെച്ച ജഡ്ജി അതിനുമുമ്പേ വിരമിച്ചിരുന്നിട്ടും ഉത്തരവ് കൃത്യമായി പരിശോധിക്കാതെ തടവുകാരനെ മോചിപ്പിക്കുകയായിരുന്നു.






