തിരുവനന്തപുരം: ടൈപ്പ്-1 പ്രമേഹം ബാധിച്ച കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയിരുന്ന 'മിഠായി' പദ്ധതിയില്‍ തടസ്സം നേരിട്ടതോടെ രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍.
അവശ്യമായ ഇന്‍സുലിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന സ്ട്രിപ്പുകളും സമയത്തിന് ലഭിക്കാതായതോടെ, ഒരു കുട്ടിയുടെ ചികിത്സയ്ക്കായി പ്രതിമാസം ഏകദേശം 7,000 രൂപയോളം സ്വന്തം പോക്കറ്റില്‍ നിന്ന് ചെലവഴിക്കേണ്ട ഗതികേടിലാണ് കുടുംബങ്ങള്‍.
സാമൂഹികനീതി വകുപ്പിന്റെയും സാമൂഹികസുരക്ഷാ മിഷന്റെയും നേതൃത്വത്തില്‍ 2018-ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ നിലവില്‍ രണ്ടായിരത്തിലധികം കുട്ടികള്‍ക്കാണ് സഹായം ലഭിച്ചുകൊണ്ടിരുന്നത്. പ്രമേഹ നിയന്ത്രണത്തിനായി കുട്ടികള്‍ക്ക് ദിവസം അഞ്ചോ ആറോ തവണ രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിക്കേണ്ടതുണ്ട്.
എന്നാല്‍ 50 സ്ട്രിപ്പുകള്‍ അടങ്ങുന്ന ഒരു പാക്കറ്റിന് വിപണിയില്‍ ഏകദേശം 4,000 രൂപയോളം നല്‍കേണ്ടിവരുന്നത് രക്ഷിതാക്കള്‍ക്ക് വലിയ ഭാരമാകുന്നു.
പദ്ധതിയുടെ തുടക്കകാലത്ത് ഉയര്‍ന്ന നിലവാരമുള്ള റാപ്പിഡ് ആക്ഷന്‍ ഇന്‍സുലിനാണ് വിതരണം ചെയ്തിരുന്നത്. പിന്നീട് സ്ലോ ആക്ഷന്‍ ഇന്സുലിനിലേക്ക് മാറിയെങ്കിലും ഇതിന്റെ ഗുണനിലവാരത്തെച്ചൊല്ലി വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് മെച്ചപ്പെട്ട പുതിയ ഇന്‍സുലിന്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.






