ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ചൂടില്‍ ഡൽഹി നഗരം.
ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങള്‍ ഡൽഹിക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 CAPF കമ്പനികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി.
ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് നഗരത്തില്‍ സുരക്ഷയ്ക്കെത്തുക. പ്രതിഷേധത്തില്‍ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് (CAPF) കമ്പനികളും ഏർപ്പെടുത്തിയിട്ടുണ്ട്.
സിജെപി ജന്തർ മന്തർ സമരം പ്രഖ്യാപിച്ചതോടെ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ്. സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക കസ്റ്റഡി കേന്ദ്രങ്ങള്‍ ആക്കി വരികയാണ്.
യുപി, ഹരിയാന അതിർത്തികളില്‍ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും. പ്രതിഷേധത്തിലേക്ക് ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സർവീസുകള്‍ക്കും നിയന്ത്രണം കൊണ്ടുവരും.
അതേസമയം, പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതല്‍ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും അധിക സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വസതിക്ക് സമീപം അധിക അർധസൈനിക സേനയേയും വിന്യസിച്ചു. ഡൽഹിയിലെയും ആഗ്രയിലെ വസതികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിന് പിന്നാലെയാണ് നടപടി.






