ഡല്ഹി: നവംബർ 1ന് ഡല്ഹി രാംലീല മൈതാനത്ത് മെഗാ റാലി സംഘടിപ്പിക്കുന്നതിനായി കോണ്ഗ്രസിന് അനുമതി നല്കി ഡല്ഹി പൊലീസ് .
ഒക്ടോബർ 25 മുതല് നവംബർ 3 വരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക് ചെയ്യുന്നതിനായി പൊലീസിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. എസ്ഐആര് ഉള്പ്പെടെയുള്ള വിഷയങ്ങളിലാണ് 'ഇന്ഡ്യ' റാലി സംഘടിപ്പിക്കുന്നത്.
ജന്തർ മന്തറില് പ്രക്ഷോഭങ്ങള് നിരോധിച്ചതിനു പകരമായി കേന്ദ്രം അനുവദിച്ച സമരകേന്ദ്രങ്ങളിലൊന്നാണ് രാംലീലാ മൈതാനം.
സെപ്തംബര് 30ന് ചേർന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിന് ശേഷമാണ് നവംബർ 1ന് ഡല്ഹിയില് മെഗാ റാലി സംഘടിപ്പിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്ക്ക് പകരം ബാലറ്റ് പേപ്പറുകള് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എല്ലാ കക്ഷികളും യോഗത്തില് ആവശ്യപ്പെട്ടതെന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിരുന്നു.
തുടർന്ന് നവംബർ 1ന് ഡല്ഹിയില് മെഗാ റാലി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.






