ഡല്‍ഹി: ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ കേരളത്തിലെ ഇടത് നേതാക്കളെ പൊലീസ് മർദിച്ചു.
ജോണ്‍ ബ്രിട്ടാസ് എംപിയെയും ജെയ്ക്ക് സി തോമസിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധിച്ചവരെയെല്ലാം പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് ജേക്ക് വീഡിയോയിലൂടെ പറഞ്ഞത്.
വനിതാ പ്രവർത്തകരെയടക്കം മർദിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറിയെന്നും ജെയ്ക്ക് പറഞ്ഞു.
ജേക്കിന്റെ വസ്ത്രം വലിച്ചുകീറിയ നിലയിലായിരുന്നു. അവശ നിലയിലാണ് അദ്ദേഹം പൊലീസ് വാഹനത്തിനുള്ളില്‍ നിന്ന് സംസാരിച്ചത്.
ഇടത് പ്രവർത്തകരെ കൊണാട്ട് പ്ലേസില്‍ അറസ്റ്റ് ചെയ്തത് അറിഞ്ഞിട്ടാണ് ജോണ്‍ ബ്രിട്ടാസ് എം പി സ്ഥലത്തെത്തിയത്. എന്നാല്‍, വാഹനത്തിലേക്ക് ബലമായി തള്ളിയിട്ട് സീറ്റില്‍ അമർത്തിവച്ചതായി അദ്ദേഹം പറഞ്ഞു.
പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയില്‍ ഇരുന്നു. ഡിസിപി നിർദേശിച്ചതുകൊണ്ട് മാത്രമാണ് തന്നെ വിട്ടയച്ചതെന്ന് ബ്രിട്ടാസ് പറഞ്ഞു.
അഞ്ച് സിആർപിഎഫുകാരാണ് തന്നെയും മറ്റൊരാളെയും സീറ്റില്‍വച്ച് അമർത്തിയത്. പൊലീസുകാരുടെ ബോഡി ക്യാമറയിലൂടെ കണ്ട്രോള് റൂമില്‍ നിന്ന് ഡിസിപി സച്ചില്‍ ഇത് കണ്ടു.
എംപിയാണ് ഉടൻ വിടണമെന്ന് നിർദേശിച്ചപ്പോഴാണ് വിട്ടയച്ചതെന്ന് ബ്രിട്ടാസ് പറഞ്ഞു.
സാജിദ് എന്ന യുവാവ് വന്ന് ഓട്ടോയില്‍ കയറ്റിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. എംപിയാണെന്ന് പറഞ്ഞിട്ടും തിരിച്ചറിയല്‍ കാർഡ് കാണിച്ചിട്ടും വിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള എംപിയെ കൊല്ലാനാണ് പൊലീസ് ശ്രമിച്ചതെന്നാണ് ബ്രിട്ടാസിനൊപ്പമുണ്ടായിരുന്ന ജാർഖണ്ഡ് സ്വദേശി സാജിദ് പറഞ്ഞത്.






